സുരക്ഷാ വിഭാഗത്തിലെ ഉയർന്ന തസ്‌തികകളിൽ ഒഴിവുകൾ നികത്തണം : റെയിൽവേ ബോർഡ്‌

ന്യൂഡൽഹി : സുരക്ഷാ വിഭാഗത്തിലെ ഉയർന്ന തസ്‌തികകളിൽ വിവിധ സോണുകളിലെ ഒഴിവുകൾ ഉടൻ നികത്തണമെന്ന നിർദേശവുമായി റെയിൽവേ ബോർഡ്‌. ഒഡിഷ ബാലസോറിലുണ്ടായ ട്രെയിൻദുരന്തത്തിനു പിന്നാലെയാണ്‌ ഉത്തരവ്‌. എല്ലാ സോണുകളിലെയും ജനറൽ മാനേജർമാർക്ക്‌ കഴിഞ്ഞദിവസം ഇതുസംബന്ധിച്ച്‌ കത്തയച്ചു. ദീർഘകാലമായി ഒഴിഞ്ഞുകിടക്കുന്ന തസ്‌തികകളിൽ നിയമനം നടത്തണമെന്ന ആവശ്യം റെയിൽവേ ബോർഡ്‌ ഇതുവരെ മുഖവിലയ്‌ക്ക്‌ എടുത്തിരുന്നില്ല.സോണൽതലത്തിൽ ഒഴിവുകൾ തിട്ടപ്പെടുത്തണം. നിയമനത്തിന്‌ സമയപ്പട്ടിക തയ്യാറാക്കണം. പ്രൊമോഷൻ വഴിയുള്ള നിയമനം ഉടൻ നടത്തണം – റെയിൽവേ ബോർഡ്‌ ഡെപ്യൂട്ടി ഡയറക്ടർ ഉത്തരവിൽ പറഞ്ഞു.

റെയിൽവേയിൽ മൊത്തം 3.14 ലക്ഷം തസ്‌തിക ഒഴിഞ്ഞുകിടക്കുന്നതായി കഴിഞ്ഞ ഡിസംബറിൽ മന്ത്രി പാർലമെന്റിൽ മറുപടി നൽകിയിരുന്നു. കേന്ദ്രത്തിന്റെ നിയമനനിരോധന നയത്തിന്റെ ഭാഗമായാണ്‌ റെയിൽവേയിൽ തസ്‌തികകൾ ഒഴിച്ചിട്ടിരിക്കുന്നത്‌.

സുരക്ഷയുമായി ബന്ധപ്പെട്ട കേഡറുകളിൽ തിരുത്തൽ നടപടിക്കാണ്‌ റെയിൽവേ ബോർഡ്‌ തയ്യാറായത്‌. മോദി സർക്കാർ അധികാരത്തിൽ വന്നശേഷം റെയിൽവേയിൽ പുറംമോഡി വർധിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കാണ്‌ പ്രാധാന്യം നൽകിയത്‌. വന്ദേഭാരത് ട്രെയിനുകൾ ഓടിച്ച് സാധാരണക്കാർക്കിടയിൽ ഇന്ത്യൻ റെയിൽവേ ലോകനിലവാരത്തിലെത്തിയെന്ന പ്രതീതി സൃഷ്ടിച്ചു. തൊണ്ണൂറുകളിൽ തുടങ്ങിയ ഉദാരവൽക്കരണ നയത്തിന്റെ ഭാഗമായാണ് റെയിൽവേയിൽ വലിയ തോതിൽ സ്വകാര്യവൽക്കരണവും കരാർ നിയമനങ്ങളും തുടങ്ങിയത്. ഓരോ വർഷവും തൊഴിലാളികളുടെ എണ്ണം കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ച മാനേജ്മെന്റ് മൂന്നു പതിറ്റാണ്ടിൽ ഏകദേശം നാലു ലക്ഷം തസ്‌തികകളാണ്‌ ഇല്ലാതാക്കിയത്‌.

Top