ഇന്ത്യയിലേക്കു വരുന്നവര്‍ക്ക് യാത്രയ്ക്ക് മുന്‍പുള്ള പിസിആര്‍ ടെസ്റ്റ് ഇനി വേണ്ട

ഡല്‍ഹി: യുഎഇ, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കു വരുന്നവര്‍ക്ക് യാത്രയ്ക്ക് മുന്‍പുള്ള പിസിആര്‍ ടെസ്റ്റ് ഇനി വേണ്ട. കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളവര്‍ക്കാണ് യാത്രയ്ക്കു മുന്‍പുള്ള പിസിആര്‍ ടെസ്റ്റ് ഒഴിവാക്കുന്നത്.

എന്നാല്‍ വാക്‌സിന്‍ എടുക്കാത്തവര്‍ യാത്രയ്ക്ക് 72 മണിക്കൂറിനകമുള്ള പിസിആര്‍ ടെസ്റ്റ് ഫലം കയ്യില്‍ കരുതണം എന്ന നിബന്ധന തുടരും. അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്കു പിസിആര്‍ ടെസ്റ്റ് വേണ്ട. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് എയര്‍ സുവിധ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യണം. രോഗലക്ഷണമുള്ളവരെ വിമാനത്താവളത്തില്‍ പരിശോധനയ്ക്കു വിധേയരാക്കും.

യുഎഇ, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മാത്രം പിസിആര്‍ ടെസ്റ്റ് നിബന്ധന തുടര്‍ന്നതു വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇന്ത്യയില്‍ നിന്ന് 2 ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കു മാത്രമായിരുന്നു ഇളവ് നല്‍കിയിരുന്നത്.

 

Top