കൊച്ചി: എറണാകുളം ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ വിതരണ പദ്ധതിയായ ഗസ്റ്റ് വാക്‌സ് 50000 ഡോസ് പൂര്‍ത്തിയാക്കി. ജില്ലയിലെ വിവിധ തൊഴിലുടമകള്‍ നേരിട്ട് തങ്ങളുടെ അതിഥി തൊഴിലാളികള്‍ക്ക് നല്‍കിയ 13330 ഡോസ് ഉള്‍പ്പെടെ 126 ഔട്ട് റീച്ച് വാക്‌സിനേഷന്‍ ക്യാമ്പുകളിലായി 50055 അതിഥി തൊഴിലാളികള്‍ക്കാണ് വാക്‌സിനേഷന്‍ പൂര്‍ത്തിയായത്.
ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെ സംസ്ഥാന തൊഴില്‍ വകുപ്പാണ് അതിഥി തൊഴിലാളികളുടെ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. രണ്ടാം ഘട്ട ലോക്ഡൗണ്‍ ആരംഭിക്കുന്ന ഘട്ടത്തില്‍ ജില്ലയിലുണ്ടായിരുന്ന 77991 തൊഴിലാളികളുടെ 64% ആണിത്. ഈ മാസം അവസാനത്തോടെ മുഴുവന്‍ അതിഥി തൊഴിലാളികള്‍ക്കും ആദ്യ ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ജില്ല ലേബര്‍ ഓഫീസര്‍ പി. എം. ഫിറോസ് പറഞ്ഞു.