വാക്‌സിനേഷന്‍; ജനങ്ങളുടെമേല്‍ വന്‍പിഴ ചുമത്തുന്നത് മനുഷ്യത്വരഹിതം; സാബു എം ജേക്കബ്

കൊച്ചി: സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാതെ ജീവിക്കാന്‍ പുറത്തിറങ്ങുന്ന ജനങ്ങളുടെമേല്‍ വന്‍ പിഴ ചുമത്തുന്നത് മനുഷ്യത്വരഹിതമെന്ന് കിറ്റെക്‌സ് ചെയര്‍മാന്‍ സാബു എം.ജേക്കബ്. കോവിഷീല്‍ഡിന്റെ രണ്ടു ഡോസുകള്‍ക്കിടയിലെ ഇടവേള 84 ദിവസമാക്കിയതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അനുകൂല വിധി വന്നതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

താല്‍പര്യമുള്ളവര്‍ക്ക് 28 ദിവസത്തിനു ശേഷം പണമടച്ചു രണ്ടാം ഡോസ് സ്വീകരിക്കാമെന്നാണ് കോടതി വിധി. വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ സാധിക്കാത്ത വീഴ്ചയ്ക്കു ജനങ്ങളെ ബലിയാടാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇടവേള കുറഞ്ഞതും ഫലപ്രാപ്തി കൂടിയതുമായ സ്പുട്നിക് ഉള്‍പ്പെടെയുള്ള വാക്സീനുകള്‍ ഉള്ളപ്പോള്‍ ആ സാധ്യത സര്‍ക്കാര്‍ ഉപയോഗിക്കുന്നില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമാണ് വാക്സീനു ക്ഷാമം. സ്വകാര്യ ആശുപത്രികളില്‍ സുലഭമാണ്.

കേന്ദ്രത്തില്‍ നിന്നും വാക്സീന്‍ ലഭിക്കുന്നതിന് കാത്തിരിക്കാതെ സ്വകാര്യ മേഖലയിലെ വാക്സീന്‍ സൗജന്യമായി നല്‍കി വാക്സിനേഷന്‍ വേഗത്തിലാക്കണം. ഇതിനായി തമിഴ്നാട് മാതൃക അവലംബിക്കുകയാണ് വേണ്ടത്. രണ്ടു വാക്സീനുകള്‍ തമ്മിലുള്ള ഇടവേള 84 ദിവസം എന്നത് കര്‍ശനമാക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് രോഗവ്യാപനത്തിന്റെ ആക്കം കൂട്ടി.

പരമാവധി വേഗത്തില്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കാനാണ് എല്ലാ രാജ്യങ്ങളും ശ്രമിക്കുന്നത്. പക്ഷേ നമ്മുടെ രാജ്യത്ത് ഇടവേള ദീര്‍ഘിപ്പിച്ചത് വ്യാപനം കൂട്ടുകയാണു ചെയ്തത്. സര്‍ക്കാരിന്റെ അശാസ്ത്രീയ നിലപാടുകള്‍ മൂലം വാക്സിനേഷന്‍ വൈകുന്നത് ഗുരുതരമായ തിരിച്ചടി ഉണ്ടാക്കി. കിറ്റെക്സിലെ ജീവനക്കാര്‍ക്കായി 98 ലക്ഷം രൂപയുടെ 12,000 രണ്ടാം ഡോസ് കോവിഷീല്‍ഡ് വാങ്ങിവച്ച് ആഴ്ചകള്‍ കഴിഞ്ഞിട്ടും ആരോഗ്യവകുപ്പ് അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

 

Top