ഖത്തറില്‍ കുട്ടികളിലെ വാക്സിനേഷന്‍ പുരോഗമിക്കുന്നു

ദോഹ: ഖത്തറില്‍ 12നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ 55 ശതമാനത്തിലേറെ രണ്ട് ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കി. രാജ്യത്ത് മെയ് 16 മുതലാണ് കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ ആരംഭിച്ചത്. ഫൈസര്‍ ബയോണ്‍ടെക് വാക്‌സിനാണ് കുട്ടികള്‍ക്ക് നല്‍കുന്നത്.

കുട്ടികളുടെ വാക്സിനേഷന്റെ കാര്യത്തില്‍ വലിയ നേട്ടമാണ് മൂന്ന് മാസത്തിനിടയില്‍ കൈവരിക്കാന്‍ സാധിച്ചത്. എന്നാല്‍ ഇതുകൊണ്ട് മാത്രമായില്ല. ഈ പ്രായത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും വാക്സിന്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തേണ്ടതുണ്ട്.

വാക്‌സിനെടുക്കാത്ത കുട്ടികളുടെ രക്ഷിതാക്കള്‍ എത്രയും പെട്ടെന്ന് തന്നെ കുത്തിവയ്പ്പ് എടുക്കാന്‍ മുന്നോട്ടുവരണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം വാക്‌സിനേഷന്‍ വിഭാഗം മേധാവി ഡോ. സോഹ അല്‍ ബയാത്ത് പറഞ്ഞു. സ്‌കൂള്‍ തുറന്നതോടെ വാക്‌സിനേഷന്‍ വളരെ പ്രധാനമാണ്. സ്‌കൂളില്‍ എല്ലാ കൊവിഡ് മുന്‍കരുതലുകളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ക്ലാസ്സിലെ പകുതി കുട്ടികള്‍ ഒരു ദിവസവും ബാക്കി കുട്ടികള്‍ അടുത്ത ദിവസവുമാണ് സ്‌കൂളിലെത്തുന്നത്. സാമൂഹിക അകലം പാലിക്കുന്നതിനായി 1.5 മീറ്റര്‍ അകലത്തിലാണ് ക്ലാസ്സിലെ ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചിരിക്കുന്നതെന്നും അവര്‍ അറിയിച്ചു.

മുഴുവന്‍ കുട്ടികള്‍ക്കും വാക്സിന്‍ ലഭിച്ചിട്ടില്ലാത്തതിനാല്‍ കൊവിഡ് വ്യാപനത്തിനുള്ള സാധ്യത ഉണ്ടെന്നും അതിനാല്‍ എല്ലാവരും മാസ്‌ക്ക് ധരിക്കുകയും സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ അണുവിമുക്താക്കുകയും ചെയ്യുകയെന്നത് പ്രധാനമാണ്.

വാക്സിന്‍ എടുത്ത കുട്ടികളും അല്ലാത്തവരും അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും അവര്‍ അറിയിച്ചു. അതിനിടെ, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ എഴുതാന്‍ സാധിക്കാതിരുന്ന ഗ്രേഡ് ഒന്ന് മുതല്‍ 12 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികള്‍ക്കുള്ള പരീക്ഷകള്‍ സെപ്റ്റംബർ അഞ്ച് മുതല്‍ 16 വരെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

രക്ഷിതാക്കളുടെയും കുട്ടികളുടെയും താല്‍പര്യം പരിഗണിച്ചാണ് നടപടി. പരീക്ഷ നടന്ന കാലയളവില്‍ കൊവിഡ് ബാധിച്ചതായി കാണിക്കുന്ന ആരോഗ്യ മന്ത്രാലയത്തിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്ന കുട്ടികള്‍ക്കാണ് പരീക്ഷ എഴുതാന്‍ അവസരം ലഭിക്കുകയെന്നും മന്ത്രാലയം വ്യക്തമാക്കി.

 

Top