ന്യൂഡല്‍ഹി: രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണിപ്പോരാളികള്‍ക്കുമുള്ള കോവിഡ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ നിര്‍ത്തി വെക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി.
യോഗ്യതയില്ലാത്ത ചിലര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് വാക്‌സിനേഷന്‍ എടുക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നും 45 വയസ്സിനു മുകളിലുള്ളവരെ ഉള്‍പ്പെടുത്തുന്നതിനായി വാക്‌സിന്‍ വിതരണം കൂടുതല്‍ വ്യാപിപ്പിക്കാനുമാണ് ഈ നീക്കം.
മാത്രമല്ല, മെഡിക്കല്‍, ഹെല്‍ത്ത് കെയര്‍ പ്രവര്‍ത്തകര്‍ക്ക് ഇതിനകം തന്നെ മുന്‍ഗണനയും വാക്‌സിനേഷന് മതിയായ സമയവും ലഭിച്ചെന്നാണ് മന്ത്രാലയം വിലയിരുത്തുന്നത്. രാജ്യത്ത് ഇതുവരെ 7,59,79,651 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്.