ദുബായ്: കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നത് കൊണ്ട് റമദാന്‍ വ്രതം മുറിയില്ലെന്ന് ദുബായ് ഗ്രാന്റ് മുഫ്ത്തി ശെയ്ഖ് ഡോ. അഹ്മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഹദ്ദാദ് അറിയിച്ചു. മറ്റ് പല ഇഞ്ചക്ഷനുകളെയും പോലെ ശരീരത്തിലെ പേശികളിലേക്ക് നല്‍കുന്ന കുത്തിവയ്പ്പാണ് കൊവിഡ് വാക്‌സിന്റേതെന്നും അത് എടുക്കുന്നതു മൂലം റമദാന്‍ നോമ്പിന് തകരാറുകളൊന്നും സംഭവിക്കില്ലെന്നും ദുബായ് ഇസ്ലാമിക കാര്യ വകുപ്പിലെ ഗ്രാന്റ് മുഫ്ത്തി അറിയിച്ചു. അതുകൊണ്ടു തന്നെ വ്രതാനുഷ്ഠാന വേളയില്‍ തന്നെ കുത്തിവയ്പ്പ് എടുക്കുന്നതിന് തടസ്സമില്ല. വായ, മൂക്ക് തുടങ്ങിയ തുറന്നുകിടക്കുന്ന ഭാഗങ്ങളില്‍ കൂടി നേരിട്ടോ ട്യൂബുകളുടെ സഹായത്തോടെയോ വെള്ളം, ഭക്ഷണം, മരുന്ന് തുടങ്ങിയവ അകത്തു ചെന്നാലാണ് നോമ്പ് മുറിയുകയെന്നും ഫത്‌വ വ്യക്തമാക്കി.
വാക്സിന്‍ എടുക്കുന്നത് പോലെ തന്നെ വ്രതാനുഷ്ഠാന വേളയില്‍ കൊവിഡ് പരിശോധനയുടെ ഭാഗമായി സ്രവം എടുക്കുന്നത് കൊണ്ട് തടസ്സമില്ലെന്നും മുഫ്ത്തി അറിയിച്ചു. തൊണ്ടയില്‍ നിന്നോ മൂക്കില്‍ നിന്നോ സ്രവം എടുത്തോ രക്തം എടുത്തോ നടത്തുന്ന പരിശോധനകളും നോമ്പിനെ മുറിക്കില്ല. കാരണം സ്രവ പരിശോധനാ വേളയില്‍ ശരീരത്തിന് അകത്തേക്ക് ഒന്നും പ്രവേശിക്കുന്നില്ല. മറിച്ച് അകത്തുള്ള സ്രവം പുറത്തേക്ക് എടുക്കുക മാത്രമാണ് ചെയ്യുന്നത്. തടിയുള്ള എന്തെങ്കിലും അകത്തു കടന്നാലാണ് നോമ്പ് മുറിയുകയെന്നും കൊവിഡ് ടെസ്റ്റ് അതിനെ ബാധിക്കില്ലെന്നും ഗ്രാന്റ് മുഫ്ത്തി വ്യക്തമാക്കി.