ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്സിന്‍ നിര്‍മാണത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ അലംഭാവത്തെ വിമര്‍ശിച്ച് മുന്‍ ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം രംഗത്ത്. കൊവാക്സിന്‍ നിര്‍മാണത്തിനായി മറ്റ് കമ്പനികളെ ക്ഷണിക്കാത്തത് സര്‍ക്കാരിന്റെ ഉദാസീനതയാണെന്ന് ചിദംബരം കുറ്റപ്പെടുത്തി.
വാക്സിന്‍ വിതരണം മുടങ്ങുന്ന ഘട്ടത്തില്‍ നഷ്ടപ്പെടുന്ന ജീവന് ആരാണ് ഉത്തരവാദിയെന്നും അദ്ദേഹം ചോദിച്ചു. വാക്സിന്‍ നിര്‍മാണ കമ്പനികള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കണമെന്ന സര്‍ക്കാര്‍ തീരുമാനം ഉണ്ടാകുന്നതിന് മുന്‍പ് കോണ്‍ഗ്രസാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചതെന്നും ചിദംബരം പറഞ്ഞു.
‘നിര്‍ബന്ധിത ലൈസന്‍സ് വേണമെന്ന് സിഡബ്ല്യസി ആവശ്യപ്പെട്ട് നാലാഴ്ച കഴിഞ്ഞപ്പോള്‍ കൊവാക്സിന്‍ ഉത്പാദത്തിനുള്ള അപേക്ഷയ്ക്കായി മറ്റ് കമ്പനികളെ ക്ഷണിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു’. ഈ നാലാഴ്ച വൈകിയതോടെ നഷ്ടപ്പെടുന്ന ജീവന് ആരാണ് ഉത്തരവാദി എന്ന് ചിദംബരം തുറന്നടിച്ചു. വാക്സിന്റെ ആഭ്യന്തര ഉത്പാദനവും ലഭ്യതയും തമ്മില്‍ വലിയ അന്തരമുണ്ട്. വാക്സിനുകള്‍ ഇറക്കുമതി ചെയ്യാന്‍ കൃത്യമായ ഉത്തരവ് നല്‍കിയ ഒരു കമ്പനിയെ കണ്ടെത്താന്‍ പോലും കേന്ദ്രസര്‍ക്കാരിനായിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയിലെ ജനങ്ങളോട് കള്ളം പറയുന്നത് തുടരുകയാണെന്നും ചിദംബരം കുറ്റപ്പെടുത്തി.