ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയം സംബന്ധിച്ച് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നത് മാറ്റിവച്ച് സുപ്രീംകോടതി. കേന്ദ്രത്തിന്റെ സത്യവാങ്മൂലം പഠിച്ച ശേഷം കേസ് പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. വാദം കേള്‍ക്കുന്നതിനിടെയുള്ള സാങ്കേതിക പ്രശ്‌നങ്ങളും കേസ് മാറ്റാന്‍ ഇടയാക്കി. കേസ് വ്യാഴാഴ്ച പരിഗണിക്കും.
അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലം ചോര്‍ന്നതില്‍ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. വാക്‌സിന്‍ നയത്തില്‍ കോടതി ഇടപെടരുത് എന്നായിരുന്നു സര്‍ക്കാരിന്റെ സത്യവാങ്മൂലം. കോടതി നടപടികള്‍ തുടങ്ങിയപ്പോള്‍ തന്നെ സുപ്രീം കോടതി വാക്കുകളിലൂടെ അതൃപ്തി രേഖപ്പെടുത്തുകയായിരുന്നു.
വാക്‌സിന്‍ നയം സംബന്ധിച്ചുള്ള കേന്ദ്രത്തിന്റെ വിശദമായ സത്യവാങ്മൂലം ഇന്ന് രാവിലെയാണ് കിട്ടിയതെന്ന് ജസ്റ്റിസ് ചന്ദ്രചൂഢിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. സത്യവാങ്മൂലം വൈകിയാണ് കിട്ടിയതെങ്കിലും തനിക്ക് വിവരങ്ങളറിയാന്‍ പ്രയാസമുണ്ടായില്ല, രാവിലെ ഒരു ഇംഗ്ലീഷ് ദിനപത്രത്തില്‍ വിശദമായ വിവരങ്ങളുണ്ടായിരുന്നു എന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് പറഞ്ഞു.