വാക്‌സീന്‍ ക്ഷാമം; കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈല

തിരുവനന്തപുരം: സംസ്ഥാനത്ത് ആവശ്യമുള്ള വാക്‌സീനില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മുഖ്യമന്ത്രി വിളിച്ച അടിയന്തര ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തതിന് പിന്നാലെയാണ് പ്രതികരണം. കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ വാക്‌സീന്‍ കിട്ടണം. ലഭ്യമായില്ലെങ്കില്‍ മാസ് വാക്‌സിനേഷന്‍ നടക്കില്ല. കേന്ദ്രത്തിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഈ മാസം17, 18 തീയതികളില്‍ വാക്‌സീന്‍ കിട്ടുമെന്നാണ് കേന്ദ്രം പറയുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി ആവര്‍ത്തിച്ചു. കൊവിഡ് വാക്‌സീന്‍ ക്ഷാമം രൂക്ഷമായതോടെ സംസ്ഥാനത്തെ വാക്‌സിനേഷന്‍ ക്യാമ്പുകളുടെ പ്രവര്‍ത്തനം താളം തെറ്റിയ സ്ഥിതിയിലാണ്. മൂന്ന് ദിവസത്തേക്കുള്ള വാക്‌സീന്‍ മാത്രമാണ് സംസ്ഥാനത്ത് സ്റ്റോക്കുള്ളത്.

രോഗവ്യാപന തീവ്രത തടയാന്‍ ലക്ഷ്യമിട്ടാണ് സംസ്ഥാനം മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ തുടങ്ങിയത്. ദിനംപ്രതി രണ്ടര ലക്ഷം പേരെ വാക്‌സീനെടുപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ വാക്‌സീന്‍ ക്ഷാമം തിരിച്ചടിയായി. തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ കൊവിഷീല്‍ഡ് വാക്‌സീന്‍ ഒരു ഡോസ് പോലും ഇല്ല. പതിനാല് ജില്ലകളിലും കൊവാക്‌സീന്‍ സ്റ്റോക്ക് 40000നും താഴെയാണ്. അതായത് പരമാവധി മൂന്ന് ദിവസത്തേക്ക് മാത്രമുള്ള സ്റ്റോക്ക് മാത്രമാണുള്ളത്.

ഇതോടെ ജില്ലകളോട് മെഗാ വാസ്‌കിനേഷന്‍ ക്യാംപുകളുടെ എണ്ണം കുറയ്ക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. തിരുവനന്തപുരം ജില്ലയില്‍ 188 ക്യാമ്പുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് 57 എണ്ണം മാത്രമാണ്. പാലക്കാട് പ്രവര്‍ത്തിച്ചിരുന്ന 110 ക്യാംപുകളില്‍ പ്രവര്‍ത്തിക്കുന്നത് 54 എണ്ണമാണ്. മിക്ക ജില്ലകളിലും സ്ഥിതി ഇതുതന്നെയാണ്.

കേരളത്തില്‍ കൊവാക്‌സീന്‍ എത്തുന്നത് കുറവാണ്. അതുകൊണ്ട് സ്റ്റോക്കുളള കൊവാക്‌സീന്‍ മുഴുവനും ഉപയോഗിക്കാനാകാത്ത അവസ്ഥയാണ്. രണ്ടാം ഡോസിനുള്ളത് കരുതിയശേഷം മാത്രം ഒന്നാം ഡോസ് നല്‍കിയാല്‍ മതിയെന്നാണ് നിര്‍ദേശം. വാക്‌സീന്‍ ക്ഷാമം മുന്നില്‍ കണ്ട് 25 ലക്ഷം വീതം കൊവിഷീല്‍ഡും കൊവാക്‌സീനും കേരളത്തിലെത്തിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ആകെ കിട്ടിയത് 2 ലക്ഷം ഡോസ് കൊവാക്‌സീന്‍ മാത്രമാണ്. ഇരുപതാം തിയതിക്ക് മുമ്പ് കൂടുതല്‍ വാക്‌സീന്‍ കിട്ടിയില്ലെങ്കില്‍ വാക്‌സിനേഷന്‍ പൂര്‍ണമായും മുടങ്ങും.

 

Top