വാക്‌സിന്‍ ക്ഷാമം; ഉത്പ്പാദനം വര്‍ധിപ്പിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

ന്യൂഡല്‍ഹി: രാജ്യത്ത് വാക്‌സിന്‍ ക്ഷാമം ജൂലൈ വരെ തുടരുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് തലവന്‍ അദാര്‍ പൂനവാല. ജൂലൈയോടെ വാക്‌സിന്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാകുമെന്നാണ് വിലയിരുത്തലെന്നും അദാര്‍ പൂനവാല പറഞ്ഞു.

നിലവില്‍ 60 മുതല്‍ 70 മില്ല്യണ്‍ വരെയാണ് ഉല്‍പാദനം. ജൂലൈയില്‍ ഉല്‍പാദനം 100 മില്ല്യനായി ഉയര്‍ത്തും. രാജ്യത്ത് 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ വിതരണം ആരംഭിച്ചതിന് പിന്നാലെയായിരുന്നു അദാര്‍ പൂനവാലയുടെ പ്രതികരണം.

രാജ്യത്ത് കൊറോണ വൈറസിന്റെ രണ്ടാംതരംഗം ജനുവരിയില്‍ ആരംഭിക്കുമെന്ന് അധികൃതര്‍ കരുതിയിരുന്നില്ല. വ്യാപനം കുറഞ്ഞുവെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് കോവിഡ് വ്യാപനം രൂക്ഷമാകുകയായിരുന്നു. ഓര്‍ഡറുകള്‍ ലഭിച്ചതോടെ വാക്‌സിന്‍ ഉല്‍പാദനം വേഗത്തിലായിരുന്നു. വാക്‌സിന് ഓര്‍ഡറുകളൊന്നുമുണ്ടായിരുന്നില്ല. അതിനാല്‍ പ്രതിവര്‍ഷം ഒരു ബില്ല്യണ്‍ ഡോസ് വാക്‌സിന്‍ വേണ്ടിവരുമെന്ന് ഞങ്ങള്‍ കരുതിയിരുന്നില്ല -അദാര്‍ പൂനവാല പറഞ്ഞു.

 

 

Top