തൃശ്ശൂര്‍: കോളിളക്കം സൃഷ്ടിച്ച വടക്കാഞ്ചേരി കൂട്ടബലാത്സംഗക്കേസില്‍ അന്വേഷണം എഎസ്പിക്ക് കൈമാറിയ നടപടിയില്‍ ദുരൂഹത.
അടുത്തയിടെ സര്‍വ്വീസില്‍ കയറിയ തമിഴ്‌നാട്ടുകാരിയായ എഎസ്പിക്ക് കേസന്വേഷണ കാര്യത്തില്‍ മുന്‍പരിചയം കുറവായിരിക്കെ അവരെ തന്നെ കേസന്വേഷണ ചുമതല ഏല്‍പ്പിച്ചതാണ് സംശയങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.
വിവാദങ്ങളായ നിരവധി കേസുകള്‍ അന്വേഷിച്ച തൃശ്ശൂര്‍ റൂറല്‍ എസ്പി നിശാന്തിനി ഉണ്ടായിട്ടും അവരെ ഒഴിവാക്കി പാലക്കാട് എഎസ്പിയെ വിളിച്ച് വരുത്തി അന്വേഷണ ചുമതല കൈമാറിയ നടപടി ശരിയായില്ലെന്ന അഭിപ്രായം പൊലീസ് സേനക്കകത്തും ഉയര്‍ന്നിട്ടുണ്ട്.
കേസന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എഡിജിപി ബി സന്ധ്യ നേരത്തെ അന്വേഷിച്ച സൗമ്യ വധക്കേസില്‍ സുപ്രീംകോടതിയില്‍ നിന്നും തിരിച്ചടി നേരിട്ടിട്ടുള്ളതുമാണ്.
അവര്‍ തന്നെ മേല്‍നോട്ടം വഹിച്ച ജിഷ വധക്കേസില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലെ പാളിച്ചകള്‍ മൂലം പ്രതി അമിറുള്‍ ഇസ്ലാം രക്ഷപ്പെട്ടേക്കാമെന്ന സാഹചര്യവുണ്ട്.
ഇത്തരമൊരു സാഹചര്യത്തില്‍ സന്ധ്യയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണത്തെ നിയമവിദഗ്ധരും ആശങ്കയോടെയാണ് കാണുന്നത്.
സ്ത്രീകള്‍ക്കെതിരായ പീഡന കേസുകളുടെ അന്വേഷണം വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ അന്വേഷിക്കണമെന്ന് പറയുന്നത് തന്നെ ശരിയല്ലെന്ന നിലപാടിലാണവര്‍.
ഇങ്ങനെ പോയാല്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന എല്ലാ സ്ത്രീ പീഡനക്കേസുകളിലും വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ അന്വേഷണം നടത്തേണ്ടി വരുമെന്നും വിരലിലെണ്ണാവുന്ന വനിതാ ഓഫീസര്‍മാര്‍ മാത്രമുള്ള കേരളത്തില്‍ ഇത്തരമൊരു കാര്യം ചിന്തിക്കാന്‍ പോലും പറ്റില്ലെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
മിടുക്കരായ നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ എസ്‌ഐ തലം മുതല്‍ കേരളത്തിലുണ്ടെന്നിരിക്കെ എഎസ്പി ട്രെയിനിക്ക് വന്‍ വിവാദമുണ്ടാക്കിയ കൂട്ട ബലാത്സംഗക്കേസ് അന്വേഷിക്കാന്‍ നല്‍കിയത് എന്തടിസ്ഥാനത്തിലാണെന്നാണ് ഉയരുന്ന ചോദ്യം.
സംഭവം നടന്നതായി പറയപ്പെടുന്ന തൃശ്ശൂര്‍ ജില്ലയില്‍ തന്നെ വനിതാ ഐപിഎസ് ഓഫീസറുണ്ടായിട്ടും അവരെ മാറ്റി നിര്‍ത്തി പാലക്കാട് എഎസ്പിക്ക് ചുമതല നല്‍കിയതിന്റെ കാരണമെന്താണെന്ന ചോദ്യത്തിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വ്യക്തമായ മറുപടിയില്ല.
ഇതിനിടെ പീഡനക്കേസിലെ ഇരയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പാലക്കാട് എഎസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് മൊഴി രേഖപ്പെടുത്തിയത്.
സിപിഐഎം അംഗവും നഗരസഭാ കൗണ്‍സിലറുമായ പി.എന്‍. ജയന്തന്‍ ഉള്‍പ്പെടെ നാലു പേരാണ് മാനഭംഗപ്പെടുത്തിയതെന്നാണ് യുവതിയുടെ ആരോപണം. വടക്കാഞ്ചേരിയില്‍ 2014 ഓഗസ്റ്റ് മാസത്തിലാണ് സംഭവം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്.