Vadakakncherry rape case; some mystery’s

Express View

പ്രമുഖ അന്തര്‍ദേശിയ മാധ്യമങ്ങളിലടക്കം വാര്‍ത്തയായി മലയാളിയുടെ മാത്രമല്ല ഇന്ത്യക്കാരെ മൊത്തത്തില്‍ നാണം കെടുത്തിയിരിക്കുകയാണ് വടക്കാഞ്ചേരി പീഡന സംഭവം.

യാഥാര്‍ത്ഥ്യം എന്താണെന്ന് സമഗ്രമായ അന്വേഷണത്തിനൊടുവില്‍ മാത്രമേ വ്യക്തമാവുകയുള്ളുവെങ്കിലും ഇവിടെ ‘ഇരയും’ ഭര്‍ത്താവും പറയുന്ന കാര്യങ്ങളില്‍ ചില പൊരുത്തക്കേടുകള്‍ കാണാതിരിക്കാനാവില്ല.

യാഥാര്‍ത്ഥ്യം ചൂണ്ടിക്കാണിക്കുമ്പോള്‍ സ്ത്രീ വിരോധിയായി ആരെങ്കിലും ഞങ്ങളെ ചിത്രീകരിക്കാന്‍ ശ്രമിച്ചാലും വിരോധമില്ല. പറയേണ്ടത് പറയേണ്ട സമയത്ത് തന്നെ പറഞ്ഞിരിക്കും.

വടക്കാഞ്ചേരി പീഡനം

വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ പിഎന്‍ ജയന്തനും സഹോദരനും മറ്റ് മൂന്ന് പേരും ചേര്‍ന്ന് തന്നെ പീഡിപ്പിച്ചുവെന്നാണ് സിനിമാ പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മിയുടെയും പാര്‍വ്വതിയുടെയും സാന്നിധ്യത്തില്‍ ‘ഇര’യായ സ്ത്രീ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത്.

വിവാദത്തിന് വഴിമരുന്നിട്ടതാകട്ടെ ഇതിന് തൊട്ട് മുന്‍പിട്ട ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റുമായിരുന്നു.

ഭര്‍ത്താവിന്റെ സുഹൃത്തായിരുന്ന ജയന്തനും സഹോദരന്‍ ജനീഷും,ബിനീഷ്,ഷിബു എന്നിവരും ചേര്‍ന്ന് ലഹരി വിമോചനകേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന ഭര്‍ത്താവിനെ കാണിക്കാനെന്ന വ്യാജേന 2014ലെ സ്‌കൂള്‍ അവധിക്കാലത്ത് കൂട്ടിക്കൊണ്ട് പോയി തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍.

പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നായിരുന്നു ഭീഷണിയെന്നും അതിനാലാണ് മറച്ചുവെച്ചതെന്നും മാനസിക സമ്മര്‍ദ്ദം താങ്ങാനാവാതെ ആഗസ്റ്റില്‍ ഭര്‍ത്താവിനോട് ഇക്കാര്യം തുറന്ന് പറയുകയായിരുന്നുവെന്നുമാണ് യുവതി പറയുന്നത്.

പിന്നീട് മുളംകുന്നത്ത്കാവ് പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ പിന്‍വലിപ്പിക്കാന്‍ പൊലീസില്‍ നിന്നും രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായെന്നും അവര്‍ വ്യക്തമാക്കുന്നു. അത് കൊണ്ടാണ് കേസില്‍ നിന്ന് പിന്മാറുകയാണെന്ന് പിന്നീട് മൊഴി നല്‍കിയതെന്നാണ് വാദം.

യുവതി പറഞ്ഞതില്‍ സത്യത്തിന്റെ ഒരംശമെങ്കിലും ഉണ്ടെങ്കില്‍ നിയമം അനുശാസിക്കുന്ന ഏറ്റവും കടുത്ത ശിക്ഷ തന്നെ പ്രതികള്‍ക്ക് കിട്ടണം.

അതല്ല തെറ്റിദ്ധരിപ്പിച്ചതാണെങ്കില്‍ ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് കാരണക്കാരായ ഭാഗ്യലക്ഷ്മിയും പാര്‍വ്വതിയുമടക്കമുള്ളവര്‍ക്കും നിയമം ബാധകമാകണം. കാരണം ഇപ്പോള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നവര്‍ക്കുമുണ്ടല്ലോ കുടുംബം.

കേരളം പോലുള്ള പരിഷ്‌കൃത സംസ്ഥാനത്ത് തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തിരുന്ന ഒരു വ്യക്തിയും അദ്ദേഹത്തിന്റെ സഹോദരനും ചേര്‍ന്ന് ബലാത്സംഗം ചെയ്തു എന്ന് പറയുന്നതിലെ യുക്തി സംശയകരമാണെങ്കിലും തല്‍ക്കാലം അതിലേക്ക് കടക്കുന്നില്ല…

പൊലീസും രാഷ്ട്രീയക്കാരും പ്രതികള്‍ക്കായി ഭീഷണിപ്പെടുത്തിയെന്ന വാദവും അംഗീകരിക്കാം…

എന്നാല്‍ ഒരു സമ്മര്‍ദ്ദവുമില്ലാതെ എന്ത് കാര്യവും തുറന്ന് പറയാന്‍ സ്വാതന്ത്ര്യമുള്ള മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി കൊടുക്കുമ്പോള്‍ എന്ത് സമ്മര്‍ദ്ദമാണ് ‘ഇര’ക്ക് മുന്നിലുണ്ടായിരുന്നുവെന്നത് വ്യക്തമാക്കേണ്ടതുണ്ട്.

ഒരു പീഡനകേസില്‍ ഇരയുടെ മൊഴി ഒരു മജിസ്‌ട്രേറ്റ് രേഖപ്പെടുത്തുന്നത് ” I am satisfied that the statement is voluntarily given” എന്നത് ഉറപ്പ് വരുത്തിയും അത് പ്രത്യേകമായി രേഖപ്പെടുത്തിയതിനും ശേഷമാണ്. അങ്ങനെ കൊടുത്തു എന്ന് ഈ ‘ഇര’ തന്നെ സമ്മതിക്കുന്ന ഒരു മൊഴി അവിശ്വസിക്കേണ്ട കാര്യമില്ലല്ലോ.

അന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ കിട്ടാത്ത എന്ത് ‘നിയമ പരിരക്ഷയാണ്’ ഇന്ന് ഭാഗ്യലക്ഷ്മിയില്‍ നിന്നും പാര്‍വ്വതിയില്‍ നിന്നും പരാതിക്കാരിക്ക് ലഭിച്ചത് ?

ഇന്ന് യുവതി കാണിച്ച ധൈര്യം, പറയുന്ന കാര്യങ്ങള്‍ സത്യമായിരുന്നെങ്കില്‍ ഒന്നര വര്‍ഷം മുന്‍പ് കാണിച്ചിരുന്നെങ്കില്‍ അന്നേ അവര്‍ക്ക് നീതി കിട്ടുമായിരുന്നില്ലേ ?

ജയന്തന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടി പറഞ്ഞ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്ന ഭാഗ്യലക്ഷ്മി കേസ് ഒത്ത് തീര്‍പ്പാക്കാന്‍ 3 ലക്ഷം രൂപ പൊലീസ് മധ്യസ്ഥതയില്‍ ജയന്തന്‍ യുവതിക്ക് നല്‍കിയതിന് തെളിവ് തന്റെ പക്കല്‍ ഉണ്ടെന്നാണ് വാദിക്കുന്നത്.

മൂന്ന് ലക്ഷം രൂപക്ക് അടിയറവ് പറയാനുള്ളതാണോ സ്ത്രീയുടെ മാനമെന്നതിന് ഫെമിനിസ്റ്റ് വാദിയായി അറിയപ്പെടുന്ന ഭാഗ്യലക്ഷ്മിയാണ് മറുപടി പറയേണ്ടത്.

‘മൂന്ന് ലക്ഷം നല്‍കിയപ്പോള്‍ അന്ന് ജയന്തന്റെ മുഖത്തേക്ക് അവള്‍ വലിച്ചെറിഞ്ഞിരുന്നുവെന്നാണ് ‘ ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നുവെന്നതെങ്കില്‍ ഈ പറഞ്ഞതെല്ലാം കണ്ണടച്ച് വിശ്വസിക്കാമായിരുന്നു.

യുഡിഎഫ് ഭരണകാലത്ത് പൊലീസും നേതാക്കളും സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഭാഗമായി പേടിച്ചിട്ടാണ് ഡിവൈഎഫ്‌ഐ നേതാവായ ജയന്തനെതിരായ മൊഴി മാറ്റി പറഞ്ഞതെന്ന് പറയുന്ന പരാതിക്കാരിക്ക് ഇപ്പോള്‍ ഇക്കാര്യം പറയാന്‍ എവിടെ നിന്നാണ് ധൈര്യം കിട്ടിയത് ?

ഒരു ഡിവൈഎഫ്‌ഐ-സിപിഎം നേതാവിനെ സംബന്ധിച്ച് സാധാരണഗതിയില്‍ യുഡിഎഫ് ഭരണത്തില്‍ ലഭിക്കുന്നതിനേക്കാള്‍ സംരക്ഷണവും പവറും ഇടതുഭരണ കാലത്താണ് ഉണ്ടാകാറുള്ളതെന്നാണല്ലോ വെപ്പ്.

എന്നാലിവിടെ പിണറായിയുടെ പൊലീസ് ശക്തമായ നിലപാടാണ് സ്വീകരിച്ചത്.

യുഡിഎഫ് ഭരണകാലത്ത് കോണ്‍ഗ്രസ്സ് നേതാവ് ആഭ്യന്തരവകുപ്പ് കയ്യാളുമ്പോള്‍ നടന്നതായി പറയപ്പെടുന്ന സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക ടീമിനെ നിയമിച്ചത് ഇടത് സര്‍ക്കാരാണെന്ന പ്രത്യേകത കൂടി ഈ കേസിനുണ്ട്.

പ്രതിസ്ഥാനത്ത് സിപിഎം നേതാവായാലും ലഭിക്കുന്ന പരാതികളില്‍ സത്യസന്ധമായ അന്വേഷണം ഉറപ്പ് നല്‍കുന്ന സര്‍ക്കാരിനെ അഭിനന്ദിച്ചില്ലെങ്കിലും കോണ്‍ഗ്രസ്സുകാര്‍ കല്ലെറിയരുത്.

ആരോപണവിധേയരായ ജയന്തനെയും സഹോദരനെയും സസ്‌പെന്റ് ചെയ്ത സിപിഎം ജില്ലാ നേതൃത്വത്തിന്റെ നടപടിയും സ്വാഗതാര്‍ഹമാണ്.

അതേസമയം സ്ത്രീ പീഡനക്കേസുകളില്‍ ഇരയുടെ പേര് പുറത്ത് പറയരുതെന്ന നിയമം ലംഘിച്ച സിപിഎം ജില്ലാ സെക്രട്ടറി രാധാകൃഷ്ണന്റെ നടപടി എന്തിന്റെ അടിസ്ഥാനത്തിലായാലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഇതിനെ ധിക്കാരപരമായ നടപടിയായി മാത്രമേ കാണാന്‍ സാധിക്കു.

ഇപ്പോള്‍ പൊലീസ് അന്വേഷിക്കുന്ന ഈ കേസില്‍ അന്വേഷണം നേരിടുന്ന ജയന്തന് പറയാനുള്ള കാര്യങ്ങള്‍ കൂടി കേള്‍ക്കാന്‍ അന്വേഷണ സംഘം തയ്യാറാവണം. കാരണം സാമ്പത്തികമായി സഹായിച്ച പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ തനിക്കെതിരെ പീഡനം ആരോപിച്ചുവെന്നാണ് അദ്ദേഹത്തിന്റെ വാദം.

മൂന്ന് ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാട്, പിന്നീട് രണ്ട് മാസങ്ങള്‍ മുന്‍പ് 15 ലക്ഷം രൂപ ചോദിച്ചു കൊണ്ടുള്ള ‘ഇര’യുടെ ഭര്‍ത്താവിന്റെ ഭീഷണി ഫോണ്‍ കോള്‍ എന്നീ ജയന്തന്റെ വെളിപ്പെടുത്തലുകളെ കുറിച്ചും അന്വേഷണം വേണം.

ഒരു പ്രതിയുടെ വാദമായി മാത്രം ഇത് തള്ളിക്കളയുന്നതിന് മുന്‍പ് യാഥാര്‍ത്ഥ്യത്തിന്റെ കണിക പോലുമുണ്ടോയെന്ന് സൂഷ്മമായി അന്വേഷിക്കണം.

അതിന് വേണ്ടി വന്നാല്‍ പ്രതിസ്ഥാനത്തുള്ളവരുടെയും വാദിയുടെയുമെല്ലാം നുണ പരിശോധന നടത്താനും പൊലീസ് തയ്യാറാകണം. സ്വന്തം വീട്ടുകാര്‍ പോലും പരാതിക്കാരിയായ യുവതിക്കെതിരെ പരാതി നല്‍കുകയും മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തുവെന്ന വിവരങ്ങളും പരിശോധിക്കേണ്ടതുണ്ട്.

കാരണം ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് പിന്നില്‍ എന്തെങ്കിലും തരത്തിലുള്ള ദുരുദ്ദേശ്യം ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ അത് മുളയിലേ നുള്ളിക്കളയേണ്ടത് അനിവാര്യമാണ്.

ഒരു സ്ത്രീ വിചാരിച്ചാല്‍… ഗൂഢലക്ഷ്യത്തോടെ ഒരു പരാതി നല്‍കിയാല്‍… തീരുന്നതാണ് പുരുഷന്റെ ജീവിതമെന്ന സന്ദേശം സമൂഹത്തിന് എന്തായാലും നല്ലതല്ലല്ലോ ?

അതുപോലെ തന്നെ പണവും രാഷ്ട്രീയ സ്വാധീനവുമുണ്ടെങ്കില്‍ ഏത് സ്ത്രീയേയും പീഡിപ്പിച്ച് രക്ഷപ്പെടാം എന്ന അഹങ്കാരവും വച്ച് പൊറുപ്പിക്കാനാവില്ല.

മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കാന്‍ പുകമറ സൃഷ്ടിക്കുന്നവരെയും നാടകീയ രംഗങ്ങള്‍ സൃഷ്ടിക്കുന്നവരുടെയും വാക്കുകള്‍ക്ക് ചെവി കൊടുക്കാതെ നിയമം നിയമത്തിന്റെ കര്‍ത്തവ്യം ചെയ്യുകയാണ് ഈ അവസരത്തില്‍ ചെയ്യേണ്ടത്.

അന്വേഷണ ഉദ്യോഗസ്ഥ വനിത ഐപിഎസ് ഓഫീസറായാലേ സ്ത്രീകള്‍ക്കെതിരായ പീഡന കേസുകളില്‍ നീതി ലഭിക്കുകയുള്ളുവെന്ന വാദത്തിന് ഡിജിപി ചെവി കൊടുത്തതും തെറ്റാണ്.

അങ്ങനെയാണെങ്കില്‍ മേലില്‍ സ്ത്രീകള്‍ നല്‍കുന്ന പരാതികള്‍ അന്വേഷിക്കാന്‍ വനിതാ ഓഫീസര്‍മാരെ തന്നെ നിയമിക്കേണ്ടി വരുമല്ലോ ? അതിനുള്ള സംവിധാനം കേരള പൊലീസിനുണ്ടോ ? അന്വേഷണത്തിനും ലിംഗ വിവേചനം ഏര്‍പ്പെടുത്തുന്നത് നീതിന്യായ രംഗത്ത് ആശ്വാസ്യകരമായ നടപടിയല്ല.

ഈ കേസിന് ഇപ്പോള്‍ മേല്‍നോട്ടം വഹിക്കുന്ന എഡിജിപി സന്ധ്യ മുന്‍പ് മേല്‍നോട്ടം വഹിച്ച സൗമ്യ കേസിന്റെ ഗതിയെന്താണെന്ന് നാം ഓര്‍ക്കണം.

ജിഷ കേസിലാകട്ടെ അമിറുള്‍ ഇസ്ലാമിനെ പിടികൂടിയെങ്കിലും സംഭവസ്ഥലത്തെ മൂന്നാമത്തെ വിരലടയാളം ആരുടേതാണെന്ന് പോലും കണ്ടെത്താന്‍ ഇതുവരെ സന്ധ്യ ഉള്‍പ്പെട്ട അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടുമില്ല. കുറ്റപത്രത്തിലെ ഇത്തരം പാളിച്ചകള്‍ മൂലം പ്രതി രക്ഷപ്പെട്ടേക്കാവുന്ന സാഹചര്യവുമാണ് നിലവില്‍ ഉള്ളത്.

സര്‍വ്വീസില്‍ കയറി വളരെ കുറച്ച് കാലയളവ് മാത്രം പിന്നിട്ട തമിഴ്‌നാട്ട്കാരിയായ പാലക്കാട് എഎസ്പി പൂങ്കുഴലിയാണ് സന്ധ്യയുടെ മേല്‍നോട്ടത്തില്‍ പീഡനക്കേസ് അന്വേഷിക്കുന്നത്. ഭാഷ പോലും കൃത്യമായറിയാത്ത ഇവര്‍ക്ക് സംഭവത്തിലെ യാഥാര്‍ത്ഥ്യം കണ്ടെത്താന്‍ കഴിയുമോ ? എഎസ്പി ട്രെയിനിക്ക് അന്വേഷിച്ച് ‘പഠിക്കാനുള്ളതാണോ’ കോളിളക്കം സൃഷ്ടിച്ച കൂട്ടബലാത്സംഗക്കേസ് ?

Team Express Kerala

Top