കോട്ടയം: വടക്കഞ്ചേരി വാഹനാപകട കേസിൽ പ്രതികളെ കോട്ടയത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ, ബസ് ഉടമ അരുൺ എന്നിവരെ കോട്ടയം നാട്ടകത്തെ ബസ് സർവീസ് കേന്ദ്രത്തിലെത്തിച്ചാണ് തെളിവെടുത്തത്. ബസിലെ വേഗപ്പൂട്ടിൽ ക്രമക്കേട് വരുത്തിയതും ലൈറ്റുകളും മറ്റും സ്ഥാപിച്ച് അലങ്കരിച്ചതും ഇവിടെ നിന്നാണെന്ന് കണ്ടെത്തി.
ആലത്തൂർ ഡി വൈ എസ് പി ആർ അശോകൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നേരിട്ടെത്തിയായിരുന്നു തെളിവെടുപ്പ്. ഈ മാസം 14 വരെയാണ് ഇവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഇതിനിടെ കെ എസ് ആർ ടി ബസ് ജീവനക്കാരേയും യാത്രക്കാരേയും പൊലീസ് ചോദ്യം ചെയ്തു. അപകടസമയത്ത് ഡ്രൈവർ ജോമോൻ മദ്യമോ മറ്റ് ലഹരി വസ്തുക്കളോ ഉപയോഗിച്ചിരുന്നോ എന്നറിയുന്നതിനുള്ള രക്ത പരിശോധനാഫലം ഇനിയും വന്നിട്ടില്ല. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ടൂറിസ്റ്റ് ബസ്സ് കെ എസ് ആർ ടി സി ബസിന് പുറകിലിടിച്ച് ഒൻപത് പേർ മരിച്ചത്.