കോഴിക്കോട് :വടകരയില്‍ റെയില്‍വെ ട്രാക്കില്‍ സ്‌കൂട്ടര്‍ വച്ച സംഭവത്തില്‍ അട്ടിമറിക്ക് പൊലീസ് കേസെടുത്തു. സ്‌കൂട്ടര്‍ ഉടമയോടുള്ള വിരോധം തീര്‍ക്കാന്‍ സ്‌കൂട്ടര്‍ നശിപ്പിക്കുന്നതിനാണ് സ്‌കൂട്ടര്‍ ട്രാക്കില്‍ കൊണ്ടിട്ടതെന്ന് പ്രതികള്‍ പൊലീസിനു മൊഴി നല്‍കി.
സംഭവത്തില്‍ പ്രവാസി മലയാളി അടക്കം മൂന്നു പേരാണ് കസ്റ്റഡിയിലുള്ളത്. പ്രതികളുടെ അറസ്റ്റ് ഇന്നു തന്നെ രേഖപ്പെടുത്തിയേക്കും. കഴിഞ്ഞയാഴ്ചയാണ് റെയില്‍വെ ട്രാക്കില്‍ സ്‌കൂട്ടര്‍ കൊണ്ടുവച്ചത്. വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്കായിരുന്നു.
ഇക്കഴിഞ്ഞ 21 നു രാത്രി 11 മണിയോടെയാണ് സംഭവം. തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന 12082 നമ്പര്‍ ജനശതാബ്ദി ട്രെയിനാണ് അട്ടിമറിക്കാന്‍ ശ്രമം ഉണ്ടായത്. 11 മണിയോടടുത്താണ് പ്രദേശത്ത് ഉണ്ടായിരുന്നവരൊക്കെ അവിടെ നിന്നു പോയത്. എന്നാല്‍ അതുവരെ അവിടെ അത്തരത്തിലൊരു സംഭവം ഉണ്ടായിരുന്നില്ല.
പാളത്തില്‍ അങ്ങനെയൊരു സ്‌കൂട്ടറും ശ്രദ്ധയില്‍ പെട്ടിരുന്നില്ല. 11.10നു ശേഷമാണ് ട്രെയിന്‍ കടന്നു പോയത്. ഈസമയം ട്രാക്കിലുണ്ടായിരുന്ന സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിച്ച് ട്രെയിന്‍ കടന്നു പോകുകയായിരുന്നു. റെയില്‍വെ സ്‌റ്റേഷനു സമീപം താമസിക്കുന്നയാളുടെ സ്‌കൂട്ടര്‍ മോഷ്ടിച്ച് കൊണ്ടുവന്നു ട്രാക്കില്‍ ഇടുകയായിരുന്നെന്ന് തെളിഞ്ഞിരുന്നു.