Vadakkancherry rape; Kummana-petition-agaisnt-Radhakrishnan

തൃശൂര്‍: വടക്കാഞ്ചേരിയില്‍ പീഡനത്തിനിരയായ യുവതിയുടെ പേരു വെളിപ്പെടുത്തിയ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണനെതിരെ പൊലീസ് കേസ് എടുത്തേക്കും.

ഇരയുടെ പേര് വെളിപ്പെടുത്തിയ കെ.രാധാകൃഷ്ണനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ടു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഡിജിപിക്കു പരാതി നല്‍കി.

കൂട്ടമാനഭംഗത്തിനിരയാക്കിയെന്ന് യുവതി ആരോപിച്ച സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പി.എന്‍.ജയന്തനെതിരായ പാര്‍ട്ടി നടപടിയെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മുന്‍ സ്പീക്കര്‍ കൂടിയായ രാധാകൃഷ്ണന്‍ ഇരയായ യുവതിയുടെ പേരു വെളിപ്പെടുത്തിയത്.

പ്രതിയും സിപിഎം നേതാവുമായ ജയന്തന്റെ പേര് വെളിപ്പെടുത്താമെങ്കില്‍ പെണ്‍കുട്ടിയുടെ പേരു വെളിപ്പെടുത്തുന്നതും തെറ്റല്ലന്നായിരുന്നു കെ. രാധാകൃഷ്ണന്റെ വാദം.

ഇന്ത്യന്‍ ശിക്ഷാ നിയമം 228 എ ഉപവകുപ്പ് പ്രകാരം മാനഭംഗത്തിനിരയായ യുവതിയുടെയുടെ പേര് വെളിപ്പെടുത്തുന്നതു രണ്ടു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. സ്റ്റേഷന്‍ ജാമ്യത്തില്‍ പുറത്തിറങ്ങാനും കഴിയില്ല.

ഇരയുടെ പേര് വെളിപ്പെടുത്തിയ നടപടി കെ. രാധാകൃഷ്ണന്റെ ഭാഗത്തുനിന്നുണ്ടായതു കുറ്റകരമായ വീഴ്ചയാണെന്നു ചൂണ്ടികാണിച്ചാണു കുമ്മനം രാജശേഖരന്റെ പരാതി.

സ്പീക്കര്‍ പദവിയിലിരുന്നിട്ടുള്ള രാധാകൃഷ്ണന് നിയമത്തിന്റെ കാര്യത്തില്‍ അബദ്ധം പറ്റി എന്നു പറയാനാകില്ല. ഇത്തരം ആരോപണം ഉന്നയിച്ചവരുടെ പേരു പറഞ്ഞാലെന്താ കുഴപ്പം എന്ന പ്രസ്താവന ഇതാണ് വ്യക്തമാക്കുന്നത്. ആരോപണവിധേയരായ പ്രതികളെക്കാള്‍ വലിയ കുറ്റമാണ് രാധാകൃഷ്ണന്‍ ചെയ്തിരിക്കുന്നതെന്നും കുമ്മനം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ചാനലുകള്‍ സംപ്രേഷണം ചെയ്ത വാര്‍ത്താ സമ്മേളനത്തിന്റെ തല്‍സമയ ദൃശ്യങ്ങള്‍ തെളിവായി സ്വീകരിക്കണമെന്നും കുമ്മനം പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Top