തൃശ്ശൂര്‍: വടക്കാഞ്ചേരിയിലെ സി.പി.എം കൗണ്‍സിലറും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ആദ്യം മുതല്‍
വീണ്ടും അന്വേഷണം നടത്താന്‍ തൃശ്ശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍ അജിത്കുമാര്‍ നിര്‍ദേശം നല്‍കി.
അതേസമയം വടക്കാഞ്ചേരി കൂട്ടബലാത്സംഗ കേസ് അന്വേഷിക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്നാണ് വിലയിരുത്തല്‍. കേസിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ റേഞ്ച് ഐ.ജിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് വിമര്‍ശനം.
ഉന്നത രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടുന്ന കേസായതിനാല്‍ പൊലീസ് കുറേക്കൂടി കാര്യക്ഷമതയും ജാഗ്രതയും പ്രകടിപ്പിക്കണമായിരുന്നു. കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല എന്നീ വിമര്‍ശങ്ങളും യോഗത്തിലുണ്ടായി.
പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനുളള നടപടി പൊലീസ് ആരംഭിച്ചു. യുവതിയുടെ സൗകര്യമനുസരിച്ച് മൊഴിയെടുക്കും. കേസില്‍ സിപിഎം കൗണ്‍സിലര്‍ ജയന്തന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.
അന്വേഷണത്തിന് ഐജി നേരിട്ട് മേല്‍നോട്ടം വഹിക്കും.
സംഭവത്തില്‍ മുഖ്യമന്ത്രിയുടെ മീഡിയാ സെല്‍ പരാതി സ്വീകരിച്ച് ഉടന്‍ തൃശൂര്‍ റേഞ്ച് ഐ.ജിയില്‍ നിന്ന് പ്രാഥമികാന്വേഷണ വിവരങ്ങള്‍ തേടിയിരുന്നു. യുവതിയുടെ പരാതി മുമ്പ് അന്വേഷിച്ച പേരാമംഗലം സി.ഐ മണികണ്ഠനില്‍ നിന്ന് ഐ.ജി നേരിട്ട് വിശദീകരണം എടുത്തു.
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റും പീഡനത്തിനിരയായ യുവതിയും ഭര്‍ത്താവും ചേര്‍ന്ന് വ്യാഴാഴ്ച തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനവും അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ സിറ്റി പൊലീസ് കേസ് അന്വേഷിക്കുന്നത്.