കൊച്ചി : വടയമ്പാടിയിലെ ഭജനമഠം മൈതാനിയെ ചൊല്ലിയുള്ള പ്രദേശവാസികളുടെ സമരം ശക്തമാകുന്നു.
ഒരു വിഭാഗം കയ്യടക്കിയ മൈതാനം, പൊതു ഇടമായി നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം നേതൃത്വത്തില്‍ ഇന്ന് മാര്‍ച്ച് നടത്തും. മാര്‍ച്ച് ജില്ലാ സെക്രട്ടറി പി രാജീവ് ഉദ്ഘാടനം ചെയ്യും.
വടയമ്പാടി ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഒരേക്കര്‍ വിസ്തൃതിയുള്ള പൊതു മൈതാനം ക്ഷേത്ര ഭരണസമിതി കൈവശപ്പെടുത്തി ചുറ്റുമതില്‍ നിര്‍മ്മിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതിനെതിരെ പരിസരവാസികള്‍ രംഗത്തെത്തി സമരം ആരംഭിച്ചു. സമീപത്തെ പട്ടികജാതി സെറ്റില്‍മെന്റ് കോളനികളിലെ ജനങ്ങളായിരുന്നു സമരത്തിന്റെ മുന്‍നിരയില്‍.
ദളിതര്‍ മൈതാനത്ത് പ്രവേശിക്കുന്നത് തടയുന്നതിനാണ് മതില്‍ നിര്‍മ്മിച്ചതെന്ന് ആരോപണം ഉയര്‍ന്നു. ജാതി മതിലെന്ന് ആരോപിച്ച് സമരക്കാര്‍ മതില്‍ പൊളിച്ചുനീക്കി. പൊലീസ് സഹായത്തോടെ മതില്‍ പുനര്‍നിര്‍മ്മിച്ചതിനെ തുടര്‍ന്ന് സമരം ശക്തിമാക്കിയിരിക്കുകയാണ് സമരസമിതി.
ഇതിനിടെ മൈതാനം പൊതുഇടമായി നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സിപിഎം രംഗത്തെത്തി. റവന്യു പുറമ്‌ബോക്ക്, ക്ഷേത്ര ഭാരവാഹികള്‍ കൈവശപ്പെടുത്തിയത് എങ്ങനെയെന്ന് അന്വേഷിക്കണമെന്നും പാര്‍ട്ടി ഏരിയാ സെക്രട്ടറി സികെ വര്‍ഗ്ഗീസ് ആവശ്യപ്പെട്ടു.
1981ല്‍ പ്രസ്തുത ഭൂമിക്ക് പട്ടയം ലഭിച്ചിരുന്നുവെന്നാണ് ക്ഷേത്ര ഭാരവാഹികളുടെ വിശദീകരണം. എന്നാല്‍ ഈ രേഖ വ്യാജമാണെന്നും, അന്വേഷണം വേണമെന്നുമാണ് സമരസമിതിയുടെയും സിപിഐഎമ്മിന്റെയും നിലപാട്.