ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുമായി അടുപ്പമുള്ള ദുബായിലെ വ്യവസായിയും മലയാളിയുമായ സി.സി തമ്പിയുടെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍. റോബര്‍ട്ട് വദ്രയുമായി തന്നെ പരിചയപ്പെടുത്തിയത് സോണിയാ ഗാന്ധിയുടെ പിഎ പി.പി മാധവനാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യംചെയ്യലില്‍ അദ്ദേഹം മൊഴി നല്‍കിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ലണ്ടനിലെ ആയുധ വ്യാപാരിയായ സഞ്ജയ് ഭണ്ഡാരിയാണ് 1.9 ബില്യണ്‍ ബ്രീട്ടിഷ് പൗണ്ടിന് വാങ്ങിയ ബ്രയസ്റ്റണിലെ വസ്തു 2010 ല്‍ അതേ വിലക്ക് വില്‍പ്പന നടത്തിയത്. വസ്തുവില്‍ 69,500 പൗണ്ടിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നെങ്കിലും വില്‍പ്പനയില്‍ അത് ഈടാക്കിയില്ല. നവീകരണത്തിന് പണം മുടക്കിയത് റോബര്‍ട്ട് വദ്രയാണെന്നും സഞ്ജയ് ഭണ്ഡാരി ബിനാമിയാണെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തല്‍. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ റോബര്‍ട്ട് വദ്രയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പലതവണ ചോദ്യം ചെയ്തിരുന്നു. തമ്പിയുടെ ഉടമസ്ഥതയിലുള്ള ദുബൈയ് ആസ്ഥാനമായ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി എഫ്സെഡ്ഇ എന്ന കമ്പനി മുഖേനയാണ് സ്വത്ത് വാങ്ങിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.