കൊച്ചി: വാഗമണ്‍ സിമി ക്യാമ്പ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 18 പ്രതികള്‍ക്ക് ഏഴു വര്‍ഷം കഠിന തടവ്. പ്രതികള്‍ 25,000 രൂപ പിഴയടയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു. റിമാന്‍ഡ് കാലാവധി ശിക്ഷാ കാലയളവായി കണക്കാക്കുമെന്നും കോടതി പറഞ്ഞു. കൊച്ചി പ്രത്യേക എന്‍.ഐ.എ കോടതിയുടേതാണ് വിധി.
ഒരു വര്‍ഷത്തിലേറെ നീണ്ട വിചാരണ പൂര്‍ത്തിയാക്കിയാണ് എറണാംകുളം പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി ഡോ.കൗസര്‍ എടപ്പഗത്ത് വിധി പ്രസ്താവിച്ചത്. കേസില്‍ വിചാരണ നേരിട്ട മറ്റ് 17 പേരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു. യു.എ.പി.എ 10, 38 വകുപ്പുകള്‍ (നിയമവിരുദ്ധ പ്രവര്‍ത്തനത്തില്‍ പങ്കാളിയാവുക, നിരോധിത സംഘടനയില്‍ അംഗമാവുക), സ്‌ഫോടക വസ്തുക്കള്‍ കൈവശം വെച്ചതിന് സ്‌ഫോടക വസ്തു നിയമത്തിലെ നാലാം വകുപ്പ്, ഇന്ത്യന്‍ ശിക്ഷാ നിയമം 120 ബി(ഗൂഢാലോചന) തുടങ്ങിയ കുറ്റങ്ങളാണ് തെളിഞ്ഞത്.
സിമി ജനറല്‍ സെക്രട്ടറി സഫ്ദര്‍ നഗോരി ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ശിക്ഷ. 2007 ഡിസംബര്‍ 10 മുതല്‍ 12 വരെയാണ് ആയുധ പരിശീലനം നടന്നത്. നാല് മലയാളികളും ക്യാമ്പില്‍ പങ്കെടുത്തിരുന്നു. ഈ ക്യാമ്പില്‍ പങ്കെടുത്തവരില്‍ പലരും പിന്നീട് വിവിധയിടങ്ങളില്‍ നടന്ന ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.