ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു

വൈക്കം: മലയാളത്തിന്റെ പ്രിയ ഗായിക ഡോ. വൈക്കം വിജയലക്ഷ്മി വിവാഹിതയാവുന്നു. പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരായണന്‍ നായരുടേയും ലൈലാ കുമാരിയുടേയും മകനും മിമിക്രി ആര്‍ട്ടിസ്റ്റുമായ എന്‍ അനൂപാണ് വരന്‍. സെപ്തംബര്‍ 10ന് വിജയലക്ഷ്മിയുടെ വസതിയില്‍ വച്ച് വിവാഹ നിശ്ചയവും മോതിരം മാറ്റവും നടക്കും. ഒക്ടോബര്‍ 22ന് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം.

ഉദയനാപുരം ഉഷാ നിവാസില്‍ വി മുരളീധരന്റേയും വിമലയുടേയും ഏക മകളാണ് വിജയ ലക്ഷ്മി. സെല്ലുലോയ്ഡ് എന്ന മലയാള സിനിമയിലെ കാറ്റേ കാറ്റേ നീ പൂക്കാ മരത്തില്‍ എന്ന ഗാനത്തിലൂടെയാണ് വിജയലക്ഷ്മി ശ്രദ്ധ നേടിയത്. ഈ ഗാനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം നേടിയിരുന്നു. ഒറ്റയ്ക്ക് പാടുന്ന എന്ന ഗാനത്തിന് തൊട്ടടുത്ത വര്‍ഷം സംസ്ഥാന പുരസ്‌കാരവും നേടിയിരുന്നു.

നേരത്തേ വിവാഹശേഷം സംഗീതത്തില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് ആവശ്യപ്പെട്ടയാളുടെ വിവാഹ അഭ്യര്‍ത്ഥന വിജയലക്ഷ്മി ധൈര്യപൂര്‍വം നിരസിച്ചത് വലിയ വാര്‍ത്തയായിരുന്നു.

Top