തലസ്ഥാനത്തെ സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് വൈക്കം വിശ്വന്‍

vaikom viswan

കോട്ടയം: തലസ്ഥാനത്തെ സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍.

തിരുവനന്തപുരത്തെ ബി.ജെ.പി-സി.പി.എം സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ പൊലീസിന് വീഴ്ചയുണ്ടായെന്നും, പാര്‍ട്ടി ഓഫീസിന് കല്ലെറിഞ്ഞപ്പോള്‍ പൊലീസ് പ്രതികരിച്ചില്ലെന്നും, മേയറെ ആക്രമിച്ചവരെ പിടികൂടാനും പൊലീസിന് കഴിഞ്ഞില്ലെന്നും വൈക്കം വിശ്വന്‍ കുറ്റപ്പെടുത്തി.

ഇതിലെല്ലാം ജാഗ്രതക്കുറവ് വ്യക്തമാണെന്നും, പൊലീസിന്റെ വീഴ്ചകള്‍ പരിഹരിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

തലസ്ഥാനത്തുണ്ടായ ബി.ജെ.പി-സി.പി.എം സംഘര്‍ഷത്തില്‍ പൊലീസിന് വീഴ്ചപറ്റിയോ എന്ന് പരിശോധിക്കണമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നേരത്തെ പ്രതികരിച്ചിരുന്നു.

തിരുവനന്തപുരത്തെ അക്രമം നേരിടുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രനും ചൂണ്ടിക്കാട്ടിയിരുന്നു.

തലസ്ഥാനത്തെ ആക്രമണത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്നും, പൊലീസിന്റെ സാന്നിധ്യത്തിലാണു ബിജെപി അക്രമം അഴിച്ചുവിട്ടതെന്നും, നേതൃത്വത്തിന്റെ അറിവോടെ രാഷ്ട്രീയ മുതലെടുപ്പിനാണു ബിജെപി ശ്രമിക്കുന്നതെന്നും കടകംപള്ളി ആരോപിച്ചിരുന്നു.

Top