തിരുവനന്തപുരം: ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പല്‍ കോര്‍പറേഷനുകളിലും അധികാരം നേടാന്‍ കുതിരക്കച്ചവടം നടത്തിയത് യു.ഡി.എഫാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍.
കനത്ത പരാജയം ഏറ്റുവാങ്ങിയിട്ടും അത് അംഗീകരിക്കാതെ എല്‍ഡിഎഫ് കുതിരക്കച്ചവടം നടത്തുന്നുവെന്ന കെപിസിസി പ്രസിഡന്റിന്റെ ആരോപണം സ്വന്തം അനുഭവം പങ്കുവെക്കുന്നതായി മാത്രമേ കാണാന്‍ കഴിയൂവെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
യുഡിഎഫ് അധികാരത്തില്‍ എത്താന്‍ പാകത്തില്‍ 28 മുനിസിപ്പാലിറ്റികള്‍ രൂപീകരിച്ചിട്ടുപോലും ഭൂരിപക്ഷം മുനിസിപ്പാലിറ്റികള്‍ നേടാനായില്ല. വര്‍ഗീയ ശക്തികളുമായി സംസ്ഥാനത്ത് പരക്കെ അവിഹിത കൂട്ടുകെട്ടുണ്ടാക്കിയിട്ടും കോണ്‍ഗ്രസിനും യുഡിഎഫിനും രക്ഷപ്പെടാനായില്ല. അഴിമതിക്കും ജനവിരുദ്ധ ഭരണത്തിനുമെതിരായ ശക്തമായ താക്കീതാണ് തെരഞ്ഞെടുപ്പ് ഫലമെന്നും വൈക്കം വിശ്വന്‍ പറഞ്ഞു