ചെന്നൈ: മീ ടൂ വിവാദത്തില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് കവിയും ഗാനരചയിതാവുമായ വൈരമുത്തു വീണ്ടും രംഗത്ത്. പൊലീസില്‍ പരാതി നല്കിയാല് ആരോപണം അസത്യമെന്നു കോടതിയില്‍ തെളിയുമെന്ന് അദ്ദേഹം പറഞ്ഞു.ആരോപണം ഉന്നയിച്ചവര്‍ നിയമത്തിന്റെ വഴി സ്വീകരിക്കണമെന്നും വൈരമുത്തു പറഞ്ഞു.
നിഷ്കളങ്കരെ അധിക്ഷേപിക്കുന്നത് ഫാഷനായി മാറിയിരിക്കുകയാണ്. പല സംഭവങ്ങളിലായി തന്നെയിപ്പോള്‍ നാണം കെടുത്തുകയാണ്. ഇതും അതില്‍ ഒന്നു മാത്രമാണ്.ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും എല്ലാം കാലം തെളിയിക്കുമെന്നും സത്യമല്ലാത്ത ഒരു കാര്യത്തിനും ചെവി കൊടുക്കാറില്ലെന്നും വൈരമുത്തു ട്വിറ്ററില്‍ കുറിച്ചു.തമിഴ്നാട് കോടമ്പാക്കത്തുള്ള അദ്ദേഹത്തിന്റെ വീട്ടില്‍വച്ച് കടന്നുപിടിച്ചു ചുംബിച്ചുവെന്നായിരുന്നു പേരു പുറത്തുപറയാന്‍ ആഗ്രഹിക്കാത്ത യുവതി വൈരമുത്തുവിനെതിരെ ഉന്നയിച്ച പരാതി.പിന്നീട് അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ഒരു മാധ്യമ പ്രവര്‍ത്തകയോടു യുവതി വെളിപ്പെടുത്തി. പിന്നാലെ ഗായിക ചിന്മയിയും വൈരമുത്തുവിനെതിരെ ആരോപണവുമായെത്തി.