വൈശാഖ്-ഉണ്ണി മുകുന്ദന്‍ കൂട്ടുകെട്ടില്‍ പുതിയ ചിത്രം ‘ബ്രൂസ്‌ലി’

ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് ഒരുക്കുന്ന ചിത്രം ബ്രൂസ്‌ലിയുടെ പ്രഖ്യാപനം കോഴിക്കോട് ഗോകുലം ഗലേറിയാ മാളില്‍ ബുധനാഴ്ച നടന്നു. ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിര്‍മാണം. തിരക്കഥ- ഉദയ് കൃഷ്ണ.പന്ത്രണ്ട് വര്‍ഷത്തിന് ശേഷമാണ് ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് ചിത്രമൊരുക്കുന്നത്.

മല്ലൂ സിംഗ് ആണ് ഇരുവരുമൊന്നിച്ച ആദ്യ ചിത്രം. ഉണ്ണി മുകുന്ദന് പുറമേ ബോളിവുഡ്, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ അഭിനേതാക്കളാണ് ചിത്രത്തില്‍ അണി നിരക്കുന്നത്. ‘എവരി ആക്ഷൻ ഹാസ് കോൺസീക്വൻസസ്’  എന്ന ടാഗ്‌ലൈനോടെയെത്തുന്ന ചിത്രം ഏത് ഭാഷക്കാര്‍ക്കും ദേശക്കാര്‍ക്കും ഒരു പോലെ ആസ്വദിക്കാന്‍ പറ്റുന്ന തരത്തിലുള്ളതായിരിക്കുമെന്ന് വൈശാഖ് പറഞ്ഞു. എന്നും മികച്ച സിനിമകൾ നിർമ്മിക്കുകയെന്നതാണ് ഗോകുലം മൂവീസ് ലക്ഷ്യമിടുന്നതെന്ന് ടൈറ്റില്‍ ലോഞ്ച് നടത്തിക്കൊണ്ട് ഗോകുലം ഗോപാലനും കൂട്ടിച്ചേര്‍ത്തു.

ബ്രൂസ്‌ലിയുടെ ആക്ഷന്‍ രംഗങ്ങളോട് കിട പിടിക്കും വിധം ഒരു സമ്പൂര്‍ണ ആക്ഷന്‍ ചിത്രമായിരിക്കുമിതെതെന്നാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഉദയ് കൃഷ്ണ അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ വന്‍ കിട ചിത്രങ്ങള്‍ക്ക് സംഘട്ടനമൊരുക്കി പ്രശസ്തി നേടിയ രാം ലക്ഷ്മണന്മാരാണ് ചിത്രത്തിന്റെ സംഘട്ടനം.

Top