ഇന്ത്യ മുമ്പും പാക്ക് ഭീകരക്യാമ്പ് ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നു; വെളിപ്പെടുത്തലുമായി മുന്‍ സേനാ മേധാവി

ന്യൂഡല്‍ഹി: പാക്ക് സൈന്യത്തിന്റെ ഭീകരവാദികളെ പരിശീലിപ്പിക്കുന്നതിനുള്ള ക്യാമ്പ് ആക്രമിക്കാന്‍ ഇന്ത്യ മുമ്പും നീക്കം നടത്തിയിരുന്നുവെന്ന് വെളിപ്പെടുത്തല്‍.പാര്‍ലമെന്റ് ആക്രമണത്തിന് പിന്നാലെയായിരുന്നു ആദ്യ നീക്കം നടത്തിയത്.

പാര്‍ലമെന്റ് ആക്രമണ സമയത്ത് നാവികസേനാ മേധാവി ആയിരുന്ന അഡ്മിറല്‍ സുശീല്‍ കുമാറിന്റെ ‘എ പ്രൈം മിനിസ്റ്റര്‍ ടു റിമംബര്‍; മെമ്മറീസ് ഓഫ് എ മിലിട്ടറി ചീഫ്’ എന്ന പുസ്തകത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യ ആക്രമിക്കാന്‍ ലക്ഷ്യമിട്ടിരുന്ന ക്യാമ്പ് അവര്‍ അതിവേഗം ഒഴിപ്പിച്ചുവെന്ന രഹസ്യ വിവരം ലഭിച്ചതോടെ പദ്ധതി ഉപേക്ഷിച്ചുവെന്നും പുസ്തകത്തില്‍ പറയുന്നു.

പാര്‍ലമെന്റ് ആക്രമണം 2001 ഡിസംബര്‍ 13 നാണ് നടന്നത്. അന്ന് തന്നെ അതിന് തിരിച്ചടി നല്‍കണമെന്ന വികാരമാണ് ഇന്ത്യ മുഴുവന്‍ ഉയര്‍ന്നത്. ഇതേത്തുടര്‍ന്ന് മൂന്ന് സേനാ മേധാവികളും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബ്രിജേഷ് മിശ്രയും പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസുമായി കൂടിക്കാഴ്ച നടത്തി. പാക്ക് അധിനിവേശ കശ്മീരില്‍ ഭീകരരെ പരിശീലിപ്പിക്കുന്നതിനുവേണ്ടി പാക്ക് സൈന്യം തയ്യാറാക്കിയ ക്യാമ്പ് ആക്രമിക്കാമെന്ന നിര്‍ദ്ദേശമാണ് കൂടിക്കാഴ്ചയില്‍ ഉയര്‍ന്നത്. എന്നാല്‍ പരിശീലനക്യാമ്പ് പാക്ക് സൈന്യം ഒഴിപ്പിച്ചുവെന്ന രഹസ്യ വിവരം വൈകാതെ ലഭിച്ചു. ഒരു സ്‌കൂളിനും ആശുപത്രിക്കും മധ്യത്തേക്ക് അവര്‍ പരിശീലനക്യാമ്പ് മാറ്റി. ഈ സാഹചര്യത്തിലാണ് നീക്കം ഉപേക്ഷിച്ചതെന്ന് പുസ്തകത്തില്‍ പറയുന്നു.

പിന്നീട് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് പിന്നാലെ അഫ്ഗാനിസ്താനില്‍ യു.എസ് നടത്തിയ സൈനിക നടപടിയെ പിന്തുണക്കണമെന്ന നിലപാട് അന്നത്തെ വിദേശകാര്യമന്ത്രി ജസ്വന്ത് സിങ് സ്വീകരിച്ചിരുന്നു. എന്നാല്‍ സൈനിക മേധാവികള്‍ അതിനോട് വിയോജിച്ചു. വാജ്പേയിയും സൈനിക മേധാവികളുടെ നിലപാടിനെ പിന്തുണച്ചുവെന്നും പുസ്തകത്തില്‍ അദ്ദേഹം വെളിപ്പെടുത്തി.

Top