കാലുമാറി മധ്യപ്രദേശിലെ ഭരണം അട്ടിമറിച്ച ജോതിരാധിത്യസിന്ധ്യയെ നേരിടാന്‍ വാജ്പേയിയുടെ സഹോദരപുത്രി കരുണ ശുക്ലയെ ഇറക്കി കോണ്‍ഗ്രസ്സ്. പാര്‍ട്ടിയില്‍ കലാപമുണ്ടാക്കി രാജസ്ഥാന്‍ ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ച സച്ചിന്‍ പൈലറ്റിന്റെ നീക്കം തകര്‍ത്ത ആത്മവിശ്വാസവുമായാണ് കോണ്‍ഗ്രസിന്റെ ഈ പുതിയ കരുനീക്കം.കേന്ദ്രമന്ത്രി സ്ഥാനവും പി.സി.സി അധ്യക്ഷ സ്ഥാനവും നല്‍കിയിട്ടും ബി.ജെ.പി പാളയത്തിലേക്ക് ചേക്കേറിയ ജോതിരാദിത്യ സിന്ധ്യയെ ബി.ജെ.പിയില്‍ നിന്നും കോണ്‍ഗ്രസിലേക്കെത്തിയ കരുണ ശുക്ലയെ ഇറക്കി നേരിടുന്ന കോണ്‍ഗ്രസ് ‘തന്ത്രം’ ബി.ജെ.പിയെ പ്രതിരോധത്തിലാക്കുന്നതാണ്.
15 വര്‍ഷത്തെ ബി.ജെ.പി ഭരണത്തിന് അന്ത്യം കുറിച്ച് ചത്തീസ്ഗഡില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചത് തന്നെ കരുണ ശുക്ലയുടെ തന്ത്രങ്ങള്‍ കൊണ്ടായിരുന്നു. മധ്യപ്രദേശിനോട് ചേര്‍ന്നുള്ള ചത്തീസ്ഗഡില്‍ കോണ്‍ഗ്രസ് തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച മുന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ സഹോദരന്‍ അവധ്ബിഹാരി വാജ്പേയിയുടെ മകളാണ് കരുണ. 2003ല്‍ ചത്തീസ്ഗഡ് മുഖ്യമന്ത്രി സ്ഥാനത്തേക്കു വരെ ബി.ജെ.പി ഇവരെ പരിഗണിച്ചിരുന്നു. ബി.ജെ.പി ദേശീയ ഉപാധ്യക്ഷയും മഹിളാ മോര്‍ച്ച ദേശീയ പ്രസിഡന്റുമായിരുന്ന കരുണ ശുക്ല ബി.ജെ.പി എം.പിയുമായിരുന്നു. ഏഴുപതുകാരിയായ കരുണ ബി.ജെ.പിയില്‍ ഒതുക്കപ്പെട്ടതോടെയാണ് 2013-ല്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസിലെത്തിയത്.
സംഘടനാരംഗത്തെ കരുണാ ശുക്ലയുടെ പ്രവര്‍ത്തന മികവാണ് തമ്മില്‍ തല്ലിയും ഗ്രൂപ്പു കളിച്ചും തകര്‍ന്ന കോണ്‍ഗ്രസിന് 2018ല്‍ ചത്തീസ്ഗഡില്‍ ഭരണം നേടിക്കൊടുത്തിരുന്നത്. ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനത്തിനു കഴിയില്ലെന്നു മനസിലാക്കിയ കരുണ ആവിഷ്‌ക്കരിച്ച ഓപ്പറേഷനാണ് കോണ്‍ഗ്രസ് ഹൈക്കമാന്റ് പച്ചക്കൊടി വീശിയിരുന്നത്. ബൂത്ത് തലത്തില്‍ ക്യാമ്പുകളും പാര്‍ട്ടി പരിപാടികളും നടത്തി കോണ്‍ഗ്രസിനെ ശക്തമാക്കിയ കരുണയോട് വോട്ടര്‍മാരും കരുണകാട്ടുകയുണ്ടായി. ഇതാണ് തിരഞ്ഞെടുപ്പ് വിജയത്തിന് കാരണമായി തീര്‍ന്നിരുന്നത്.ഇതേ തന്ത്രമാണ് കോണ്‍ഗ്രസിന് ശക്തമായ വേരോട്ടമുള്ള മധ്യപ്രദേശിലും ഹൈക്കമാന്റിപ്പോള്‍ പരീക്ഷിക്കുന്നത്.
ജോതിരാദിത്യ സിന്ധ്യയുടെ ഗ്വാളിയോര്‍ രാജകുമാര പരിവേഷത്തിനെതിരെ കരുണ ശുക്ലയെന്ന സാധാരണക്കാരുടെ നേതാവിന്റെ സംഘടനാ പ്രവര്‍ത്തനമികവിലാണ് കോണ്‍ഗ്രസ് പ്രതീക്ഷയര്‍പ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ചത്തീസ്ഗഡ് മോഡലില്‍ ബൂത്ത് ക്യാമ്പുകള്‍ക്കും മധ്യപ്രദേശില്‍ കോണ്‍ഗ്രസ് തുടക്കം കുറിച്ചു കഴിഞ്ഞിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രിയും പി.സി.സി പ്രസിഡന്റുമായ കമല്‍നാഥിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. മിഷന്‍ 24 എന്നാണ് ഈ ഓപ്പറേഷന്റെ പേര്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച 27 സീറ്റുകളില്‍ 24 എണ്ണവും പിടിച്ചെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
ഓരോ നിയോജക മണ്ഡലങ്ങളെയും കുറിച്ച് പ്രത്യേക സര്‍വെ നടത്തി ജാതി-മത-രാഷ്ട്രീയ മാറ്റങ്ങളെക്കുറിച്ചുള്ള വ്യക്തമായ രൂപരേഖകളും ഇതിനകം തന്നെ കോണ്‍ഗ്രസ് തയ്യാറാക്കിയിട്ടുണ്ട്. മാധവറാവു സിന്ധ്യയുടെ നേതൃത്വത്തില്‍ 22 എം.എല്‍.എമാരാണ് ബി.ജെ.പിയില്‍ ചേര്‍ന്നിരിക്കുന്നത്. ഇതിനു പിന്നാലെ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂടി പിന്നീട് ബി.ജെ.പിയിലേക്കു ചേക്കേറിയിട്ടുണ്ട്. മരണപ്പെട്ട മൂന്ന് എം.എല്‍.എമാരുടെ ഒഴിവിലടക്കം 27 മണ്ഡലങ്ങളിലാണ് മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
സിന്ധ്യയുടെയും കൂട്ടരുടെയും കാലുമാറ്റത്തോടെ കോണ്‍ഗ്രസിന് നഷ്ടമായ മധ്യപ്രദേശ് ഭരണം തിരിച്ചുപിടിക്കാനുള്ള ജീവന്‍മരണ പോരാട്ടമാണ് കോണ്‍ഗ്രസ് ഇവിടെ നടത്തുന്നത്. ബി.ജെ.പിയിലെത്തിയ ജോതിരാദിത്യ സിന്ധ്യക്ക് രാജ്യസഭാംഗത്വമാണ് ലഭിച്ചിരുന്നത്. സിന്ധ്യപക്ഷത്തെ 14 എം.എല്‍.എമാര്‍ക്ക് മന്ത്രി സ്ഥാനവും നല്‍കുകയുണ്ടായി. കാലുമാറ്റക്കാരായ കോണ്‍ഗ്രസ് എം.എല്‍.എമാരെ കൂട്ടത്തോടെ മന്ത്രിമാരാക്കിയതില്‍ ബി.ജെ.പി പ്രാദേശിക നേതാക്കള്‍ക്കിടയിലും കടുത്ത അതൃപ്തിയുണ്ട്. ഇവര്‍ വീണ്ടും മത്സരിക്കുന്നതോടെ സീറ്റില്ലാതാവുന്നത് പ്രാദേശിക ബി.ജെ.പി നേതാക്കള്‍ക്കു കൂടിയാണ്. കാവി പാളയത്തിലെ ഈ അതൃപ്തി മുതലാക്കാനും കോണ്‍ഗ്രസ്സിപ്പോള്‍ ശ്രമിക്കുന്നുണ്ട്.
2018ല്‍ മധ്യപ്രദേശില്‍ ബി.ജെ.പിയെ തകര്‍ത്ത് കോണ്‍ഗ്രസ് നേടിയത് അട്ടിമറി വിജയം തന്നെയാണ്. നേതാക്കളുടെ അധികാരത്തോടുള്ള ആര്‍ത്തി മൂലമാണ് ഈ ഭരണം തകര്‍ന്ന് പോയിരിക്കുന്നത്. ബി.ജെ.പിക്ക് കാവി ‘പാതയൊരുക്കുന്ന’ സമീപനം കൂടിയായിരുന്നു ഇത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 29 ലോക്സഭാ സീറ്റുകളില്‍ 27ലും ബി.ജെ.പി വിജയിച്ചതും കോണ്‍ഗ്രസ്സിന്റെ കഴിവ് കേടുകൊണ്ടു മാത്രമാണ്. ജോതിരാദിത്യ സിന്ധ്യയും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ്വിജയ് സിങ്ങുമടക്കമാണ് അന്ന് പരാജയപ്പെട്ടിരുന്നത്. പരസ്പര പാരവയ്പ്പ് അന്നും കോണ്‍ഗ്രസ്സിലുണ്ടായിരുന്നു. സിന്ധ്യയടക്കമുള്ളവര്‍ എതിര്‍ത്തപ്പോള്‍ തന്നെയാണ് മധ്യപ്രദേശില്‍ ബി.ജെ.പിക്ക് ഈ മികച്ച വിജയവും നേടാനായിരുന്നത്. ഈ യാഥാര്‍ത്ഥ്യം രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നുണ്ട്.
കോണ്‍ഗ്രസ് പാളയത്തില്‍ നിന്നും സിന്ധ്യ ബി.ജെ.പിയിലെത്തിയത് പ്രാദേശിക തലത്തില്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലും രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയിലുണ്ട്. ഇത് മുന്നില്‍ കണ്ട് അസംതൃപ്തരായ ബി.ജെ.പി പ്രാദേശിക നേതൃത്വത്തെ ഒപ്പം നിര്‍ത്തുക എന്നതും കരുണ ശുക്ലയുടെ ദൗത്യമാണ്. മധ്യപ്രദേശ് മോഡലില്‍ രാജസ്ഥാനില്‍ ഭരണം പിടിക്കാന്‍ സച്ചിന്‍ പൈലറ്റിനെ ഒപ്പംകൂട്ടി ബി.ജെ.പി നടത്തിയ ‘ഓപ്പറേഷന്‍ താമര കോണ്‍ഗ്രസ് നേതൃത്വം പൊളിച്ചടുക്കിയിരുന്നു. ഒടുവില്‍ ഉപമുഖ്യമന്ത്രി സ്ഥാനവും പി.സി.സി പ്രസിഡന്റ് സ്ഥാനവും നഷ്ടമായ സച്ചിന് സാദാ എം.എല്‍.എയായി കോണ്‍ഗ്രസില്‍ മടങ്ങിയെത്തേണ്ട ഗതികേടുമുണ്ടായി.
ഇതു കൊണ്ടും തീര്‍ന്നില്ല ബി.ജെ.പിയുടെ കഷ്ടകാലം. രാജസ്ഥാനില്‍ ബി.ജെ.പി എം.എല്‍.എമാരെ വരെ കോണ്‍ഗ്രസ് സ്വാധീനിക്കുകയുണ്ടായി. വിശ്വാസ വോട്ടെടുപ്പ് വേളയില്‍ പാര്‍ട്ടി വിപ്പ് നല്‍കിയിട്ടും 4 ബി.ജെ.പി എം.എല്‍.എമാരാണ് സഭയില്‍ ഹാജരാകാതിരുന്നിരുന്നത്. ഇത് ബി.ജെ.പിക്ക് കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചിരുന്നത്. രാജസ്ഥാനില്‍ അട്ടിമറിനീക്കം മറികടന്ന് ഭരണം നിലനിര്‍ത്തിയ ആവേശമാണ് കോണ്‍ഗ്രസിന് മധ്യപ്രദേശില്‍ ഭരണം പിടിക്കാനുള്ള ഊര്‍ജ്ജവും ഇപ്പോള്‍ പകര്‍ന്നിരിക്കുന്നത്. ഗോവയിലും കര്‍ണാടകയിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് എം.എല്‍.എമാരെ കാലുമാറ്റിച്ച് ഭരണം പിടിച്ച ബി.ജെ.പി തന്ത്രം, രാജസ്ഥാനില്‍ വിജയിക്കാത്തത് ബി.ജെ.പി ദേശീയ നേതൃത്വത്തെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ ഭരണം നഷ്ടമാകുമെന്ന ആശങ്ക ഉന്നത നേതാക്കള്‍ക്കുമുണ്ട്. ഈ നാണക്കേട് ഒഴിവാക്കാന്‍ ആര്‍.എസ്.എസും ഇപ്പോള്‍ സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്.