ന്യൂഡല്‍ഹി: ആം ആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ ലഫ്. ഗവര്‍ണറുടെ വസതിക്കു മുമ്പില്‍ നടത്തുന്ന സമരപ്പന്തലില്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ പോസ്റ്റര്‍. ഇതേ തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് ഇരു പാര്‍ട്ടികള്‍ക്കുമിടയില്‍ ഉയര്‍ന്നിരിക്കുന്നത്.
വീട്ടുപടിക്കല്‍ റേഷന്‍ എത്തിച്ചു നല്‍കാനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ പദ്ധതിക്ക് ലഫ്.ഗവര്‍ണര്‍ അംഗീകാരം നല്‍കാത്തതിനെ തുടര്‍ന്നാണ് കെജരിവാളും മറ്റ് മന്ത്രിമാരും ഗവര്‍ണറുടെ വസതിയില്‍ സമരം ആരംഭിച്ചത്.
സമരം നാല് ദിവസം പിന്നിടവെയാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. പോസ്റ്റര്‍ പതിച്ചതിനു പിന്നില്‍ എ എ പി എം എല്‍ എ അല്‍ക്ക ലാംബയോ അവരുടെ അനുയായികളോ ആയിരിക്കാമെന്നാണ് ആക്ഷേപം.
അതേസമയം പോസ്റ്റര്‍ പതിച്ചത് ബി ജെ പി പ്രവര്‍ത്തകര്‍ തന്നെയായിരിക്കുമെന്ന് എ എ പി രാജ്യസഭാ എം പി സഞ്ജയ് സിങ് ആരോപിച്ചു. ബി ജെ പി പ്രവര്‍ത്തകര്‍ വിവാദമുണ്ടാക്കാന്‍ കരുതിക്കൂട്ടി പോസ്റ്റര്‍ പതിച്ചതായിരിക്കുമെന്ന് അല്‍ക്ക ലാംബ എം എല്‍ എ പ്രതികരിച്ചു. ഭാരതീയര്‍ക്ക് അടല്‍ ബിഹാരി വാജ്‌പേയി പിതൃതുല്യനാണ്. അതിനാല്‍ തന്നെ പബ്ലിസിറ്റിക്കായി അദ്ദേഹത്തെ അപമാനിക്കുന്ന രീതിയില്‍ പോസ്റ്ററുകള്‍ ആരും പതിക്കുമെന്ന് കരുതുന്നില്ല. ഇത്തരം വില കുറഞ്ഞ പ്രവര്‍ത്തനങ്ങള്‍ ആം ആദ്മി പാര്‍ട്ടി മാത്രമേ ചെയ്യുകയുള്ളുവെന്ന് ഡല്‍ഹി ബി ജെ പി അധ്യക്ഷന്‍ മനോജ് തിവാരി പറഞ്ഞു.
ഇതിനു പുറമേ കെജരിവാളിനെതിരെ പരിഹാസവുമായി എ എ പി വിമത എം എല്‍ എ കപില്‍ മിശ്രയും രംഗത്ത് വന്നിരുന്നു. ‘സര്‍, ദയവായി താങ്കളുടെ വസ്ത്രം മാറൂ, അല്ലെങ്കില്‍ താങ്കള്‍ക്ക് എന്തെങ്കിലും അണുബാധയുണ്ടാകും. പിന്നീട് മോദിജി നിങ്ങളെ വസ്ത്രം മാറാന്‍ അനുവദിച്ചില്ലെന്ന് പറയരുത്’. എന്നു പറഞ്ഞ് മിശ്ര ട്വീറ്റ് ചെയ്യുകയായിരുന്നു.