വളാഞ്ചേരിയില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ സുബീറ ഫർഹത്തിൻ്റേത്

മലപ്പുറം:  ചോറ്റൂർ വളാഞ്ചേരി വെട്ടുകല്ല് ക്വാറിക്ക് സമീപം കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. 40 ദിവസം മുൻപ് കാണാതായ കഞ്ഞിപ്പുര കിഴക്കുപറമ്പാട്ട് കബീറിൻ്റെ മകൾ സുബീറ ഫർഹത്തി (21) ൻ്റേതാണ് മൃതദേഹമെന്ന് പൊലീസ്‌ കണ്ടെത്തി. സംഭവത്തിൽ മൃതദേഹം കണ്ടെത്തിയ പറമ്പ് നോക്കാൻ ഏൽപ്പിച്ച കഞ്ഞിപ്പുര സ്വദേശി അൻവറിനെ പൊലീസ്‌ അറസ്റ്റു ചെയ്തു.

മാർച്ച് 12 നാണ് സുബീറ ഫർഹത്തിനെ കാണാതായത്. ഈ കേസിൽ തിരൂർ ഡിവൈഎസ്പി സുരേഷിൻ്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നതിനിടയിലാണ് പെൺകുട്ടിയുടെ വീടിനു സമീപത്തു നിന്നും മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ വൈകുന്നേരം മണ്ണു നീക്കം ചെയ്യുന്നതിനിടെയാണ് മൃതദേഹത്തിൻ്റെ കാൽ ഭാഗം ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ രാത്രിയായതോടെ ഇന്ന് രാവിലത്തേക്ക് തുടർ നടപടികൾ  പൊലീസ്‌ മാറ്റിവെക്കുകയായിരുന്നു. അതേസമയം കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിച്ചു വരികയാണ്. ജില്ലാ പൊലീസ്‌ മേധാവി ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്ത് എത്തിയിരുന്നു.

 

Top