നിയമസംവിധാനങ്ങള്‍ തിരുത്തിയില്ലെങ്കില്‍ യുവാക്കള്‍ നീതി നടപ്പാക്കും;യുവ നടന്മാര്‍

കൊച്ചി: വിവാദമായ വാളയാര്‍ സഹോദരിമാരുടെ കൊലപാതക കേസിലെ പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ വന്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് യുവ നടന്മാരായ ഉണ്ണി മുകുന്ദനും, ടൊവിനോ തോമസും. അന്വേഷണത്തില്‍ വന്‍ വീഴ്ച പറ്റിയിട്ടുണ്ടെന്നാണ് ഇരുവരും പ്രതികരിക്കുന്നത്. കേസിലെ പ്രതികള്‍ക്ക് മാതൃകാപരമായി ശിക്ഷ നല്‍കി ഇത്തരക്കാര്‍ക്ക് പാഠമാകേണ്ട കേസുകള്‍ അട്ടിമറിക്കപ്പെടുന്നത് എന്തിന്റെ പേരിലായാലും മനുഷ്യത്വമില്ലായും നീതി നിഷേധവുമാണെന്ന് ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നടിച്ചു.

ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്;

തിരിച്ചറിവില്ലാത്ത പ്രായത്തിലുള്ള വാളയാറിലെ സഹോദരിമാരായ രണ്ടു പെണ്‍കുട്ടികള്‍, അതും 13 , 9 വയസ്സുള്ളവര്‍ , തങ്ങള്‍ക്ക് എന്താണ് സംഭവിച്ചെതെന്നു പോലും തിരിച്ചറിയാന്‍ കഴിയാതെ ഈ ലോകത്തോട് വിട പറഞ്ഞു പോയപ്പോള്‍ പിന്നീട് ഈ സമൂഹത്തിനും നിയമ വ്യവസ്ഥക്കും ആ പിഞ്ചു കുഞ്ഞിങ്ങളോട് കാണിക്കാന്‍ കഴിയുന്ന ഏക മനുഷ്യത്വം നീതിയും എന്ന് പറയുന്നത് ഈ ദാരുണ സംഭവത്തിന് കാരണക്കാരായ വേട്ട മൃഗത്തിന് സമാനമായ മനസ്സും മനുഷ്യ ശരീരവുമായി ജീവിക്കുന്ന കിരാതന്മാരെ അര്‍ഹിക്കുന്ന ശിക്ഷ നല്‍കുക എന്നത് മാത്രമാണ്.

മാതൃകാപരമായി ശിക്ഷ നല്‍കി ഇത്തരക്കാര്‍ക്ക് പാഠമാകേണ്ട കേസുകള്‍ അട്ടിമറിക്ക പെടുന്നത് എന്തിന്റെ പേരിലായാലും മനുഷ്യത്വമില്ലായും നീതി നിഷേധവുമാണ് . ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുന്നത് വരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരേണ്ടത് നമ്മള്‍ ഉള്‍പ്പെടുന്ന സമൂഹത്തിന്റെ കൂട്ട ഉത്തരവാദിത്തം കൂടിയാണ്.

അതേസമയം പെണ്‍കുട്ടികളെ പീഡിപ്പിച്ച കുറ്റവാളികള്‍ക്ക് സംരക്ഷണവും ഇരക്ക് ശിക്ഷയും ലഭിക്കുന്ന ഈ അവസ്ഥ ഭയാനകമാണെന്ന് ടോവിനോ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു. ഇനിയും ഇത് തുടര്‍ന്നാല്‍ ഭരണകൂടത്തിലും ജുഡീഷ്യറിയിലും ഈ നാട്ടിലെ താന്‍ ഉള്‍പ്പടെയുള്ള സാധാരണക്കാര്‍ വച്ചു പുലര്‍ത്തുന്ന വിശ്വാസവും പ്രതീക്ഷയും പൂര്‍ണ്ണമായും നഷ്ടപ്പെടുമെന്നുറപ്പാണെന്നും താരം വ്യക്തമാക്കി.

ടൊവിനോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കുറ്റവാളികള്‍ക്ക് സംരക്ഷണവും ഇരക്ക് ശിക്ഷയും ലഭിക്കുന്ന ഈ അവസ്ഥ ഭയാനകമാണു ! ഇനിയും ഇത് തുടര്‍ന്നാല്‍ ഭരണകൂടത്തിലും ജുഡീഷ്യറിയിലും ഈ നാട്ടിലെ ഞാനുള്‍പ്പടെയുള്ള സാധാരണക്കാര്‍ വച്ചു പുലര്‍ത്തുന്ന വിശ്വാസവും പ്രതീക്ഷയും പൂര്‍ണ്ണമായും നഷ്ടപ്പെടുമെന്നുറപ്പാണു.

കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തന രീതികളും , നിയമസംവിധാനങ്ങളും , നടപടിക്രമങ്ങളും ഇനിയും തിരുത്തപ്പെട്ടില്ലെങ്കില്‍ പുതിയ തലമുറ ഇത് കണ്ടുകൊണ്ട് നിന്നേക്കില്ല , അവര്‍ പ്രതികരിക്കും .

ഹാഷ്ടാഗ് ക്യാമ്പയിനുകള്‍ക്കപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാവും ! ചരിത്രം പഠിപ്പിക്കുന്നത് അതാണു !

Top