വാളയാര്‍ സഹോദരികളുടെ ആത്മഹത്യ; മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടു

പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടു. പാലക്കാട് പോക്‌സോ കോടതിയാണ് കേസില്‍ പ്രതികളായിരുന്ന വി മധു, എം മധു, ഷിബു എന്നിവരെ വെറുതെ വിട്ടത്.

അട്ടപ്പളം സ്വദേശികളായ ഋതിക(11) ശരണ്യ (9) എന്നീ സഹോദരികളുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിലാണ് കോടതി ഉത്തരവ്.2017 ജനുവരി, മാര്‍ച്ച് മാസങ്ങളിലായാണ് പെണ്‍കുട്ടികളെ വീടിനുള്ളില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.

പെണ്‍കുട്ടികളുടേത് ആത്മഹത്യയാണെന്ന് പറഞ്ഞാണ് ആദ്യം പൊലീസ് അന്വേഷണം അവസാനിപ്പിച്ചത്. എന്നാല്‍ ഇത് പിന്നീട് വിവാദമായി. ഇതോടെ ഡിവൈഎസ്പി സോജന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം വീണ്ടും കേസന്വേഷണം ഏറ്റെടുത്തു. ഇതോടെ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ കേസില്‍ പ്രതികളായി.

കേസില്‍ മൂന്നാം പ്രതിയെ നേരത്തെ തന്നെ കോടതി വെറുതെ വിട്ടിരുന്നു. ഇതോടെ കേസില്‍ നാല് പ്രതികളും കുറ്റവിമുക്തരായി. പ്രായപൂര്‍ത്തിയാകാത്തയാളുടെ വിചാരണ ജുവനൈല്‍ കോടതിയില്‍ നടന്നുവരികയാണ്. ഇതും അടുത്ത് തന്നെ പൂര്‍ത്തിയാകും.

Top