വാലന്റൈന്‍സ് ദിനത്തില്‍ യാത്രികര്‍ക്ക് പ്രണയപുഷ്പങ്ങളുമായി പൊലീസ്. ട്രാഫിക് ബോധവല്‍കരണത്തിന്റെ ഭാഗമായി ഈ വാലന്റൈന്‍സ് ദിനത്തില്‍ ലവ് യുവര്‍ ലൈഫ്” എന്ന ആശയത്തില്‍ ടൂ വീലറുകളില്‍ ഹെല്‍മെറ്റ് ഇല്ലാതെ എത്തുന്നവര്‍ക്ക് ഹെല്‍മെറ്റും പൂക്കളും ചോക്ലേറ്റും നല്‍കാനായാണ് പൊലീസ് പദ്ധതിയിട്ടത്.
ഇതിനായി പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ഹെല്‍മെറ്റില്ലാത്തവരെ നോക്കി പൊലീസ് നിരത്തിലിറങ്ങി. പക്ഷെ നിരത്തിലെല്ലാവരും ഹെല്‍മെറ്റ് ധരിച്ചാണ് യാത്ര ചെയ്തത്.
ഒടുവില്‍ പൊലീസിന്റെ വലയില്‍ കുരുങ്ങിയവര്‍ ആദ്യം ഒന്ന് പേടിച്ചെങ്കിലും പിന്നീട് ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്ത് തന്നെ നേരിട്ടെത്തി പൂക്കളും ചോക്ലേറ്റും നല്‍കിയപ്പോള്‍യാത്രക്കാരന് ആശ്വാസമായി. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ പൊലീസ് നടത്തുന്ന ബോധവല്‍കരണം ഫലം കാണുന്നുവെന്ന വിലയിരുത്തലിലാണ് വാലന്റൈന്‍സ് ദിനത്തിലും ഇവര്‍ നിരത്തുകളിലിറങ്ങിയത്.