വീണ്ടുമൊരു പ്രണയ ദിനത്തിൽ ഓർക്കാൻ കാലനെ പോലും കരയിച്ച പ്രണയം !

ചിരിക്കുന്ന മുഖത്തിനു പിന്നിലെ കരിനിഴല്‍ കാണാതെ കപടപ്രണയത്തിന്റെ തീച്ചൂളയില്‍പ്പെട്ട് എരിഞ്ഞ് തീര്‍ന്ന നിരവധി ജന്മങ്ങളെ നാം ഓര്‍ക്കാതെ പോകരുത്. സിനിമയെ വെല്ലുന്ന ഇത്തരം നിരവധി സംഭവങ്ങള്‍ പുതിയ ഒരു പ്രണയ ദിനത്തിലെങ്കിലും ഓര്‍ക്കുക തന്നെ വേണം.

പരിശുദ്ധമായ പ്രണയം എന്ന വാക്ക് തന്നെ അപ്രസക്തമായ കാലത്താണ് ഇന്ന് നാം ജീവിക്കുന്നത്. പ്രണയത്തിന്റെ തീക്ഷണതയും സത്യസന്ധതയും ആത്മാര്‍ത്ഥതയുമെല്ലാം ടെക്‌നോളജിയുടെ പുതിയ കാലത്ത് നഷ്ടമായിരിക്കുന്നു.

ഇഷ്ടം പറയാനും പ്രകടിപ്പിക്കാനും പാടവരമ്പും കാമ്പസുകളിലെ ആല്‍മരചുവടും പുസ്തക താളുകളും എല്ലാം എന്നോ അപ്രസക്തമായി കഴിഞ്ഞു. സ്മാര്‍ട്ട് ഫോണും ഫെയ്‌സ് ബുക്കും വാട്ട്‌സ്ആപ്പുകളുമാണ് ഇപ്പോള്‍ ഇവിടെ കളം പിടിച്ചിരിക്കുന്നത്.

ഇഷ്ടമാണ് എന്ന് പറയാന്‍ മാസങ്ങളും വര്‍ഷങ്ങളും എടുക്കുന്ന ആ പഴയ പ്രണയത്തെ ഇപ്പോള്‍ സിനിമാക്കാര്‍ പോലും ഉപേക്ഷിച്ചു കഴിഞ്ഞു. സ്മാര്‍ട്ട് ഫോണിന്റെ ബട്ടണ്‍ അമര്‍ത്തിയാല്‍ പറക്കുന്ന സന്ദേശങ്ങള്‍, ലൈവായി എപ്പോള്‍ വേണമെങ്കിലും പ്രണയം തുറന്ന് പറയാന്‍ ഇന്റര്‍നെറ്റ് സൗകര്യങ്ങളും, വീട്ടുകാരെ പോലും ഭയക്കാതെ അടിച്ച് പൊളിച്ച് നടക്കാനുള്ള സാഹചര്യങ്ങളും പുതിയ കാലത്തിന്റെ സംഭാവനകളാണ്.


പ്രണയം കച്ചവടവല്‍ക്കരിക്കപ്പെടുന്നതിനും അതിന്റെ പരിശുദ്ധി നഷ്ടപ്പെടുന്നതിനും ഈ വേഗത ഒരു പ്രധാന കാരണം തന്നെയാണ്. എല്ലാം നമുക്ക് പഴയ കാലത്തിലേക്ക് തിരിച്ചു കൊണ്ടുപോകാന്‍ കഴിയില്ല, പക്ഷേ വിശ്വാസം, ആത്മാര്‍ത്ഥത …. അത് ഏത് കാലത്തും കാത്ത് സൂക്ഷിച്ചേ പറ്റു.അക്കാര്യത്തില്‍ ആണായാലും പെണ്ണായാലും ജാഗ്രത കാണിച്ചേ മതിയാകൂ.

വേഗതയേറിയ പുതിയ ജീവിത സാഹചര്യത്തില്‍ പ്രണയത്തിനും, അതിന്റെ തകര്‍ച്ചക്കു പോലും ഇപ്പോള്‍ വേഗത കൂടുതലാണ്. തേച്ചിട്ട് പോകുന്ന കാമുകീ കാമുകന്‍മാരുടെ എണ്ണം ഓരോ വര്‍ഷവും എണ്ണിതിട്ടപ്പെടുത്താന്‍ കഴിയുന്നതിലും അപ്പുറമാണ്.

ഒരു നേരം പോക്ക് , അതല്ലങ്കില്‍ മറ്റു പലതും . . അതിനപ്പുറം ഇഷ്ടപ്പെട്ടുന്ന മനസ്സിന്റെ ആഴം മനസ്സിലാക്കാന്‍ ഇഷ്ടപ്പെടുന്ന മനസുകള്‍ക്ക് കഴിയാതെ വരുമ്പോഴാണ് പ്രണയത്തിന് തിരശ്ശീല വീഴുന്നത്.

ഒരാളില്ലെങ്കില്‍ മറ്റൊരാള്‍ എന്ന രീതിയില്‍ ഡ്രസ്സ് മാറുന്നത് പോലെ ഇണയെ അടിക്കടിമാറ്റി പ്രണയം ആഘോഷമാക്കുന്നവരുടെ പോലും ചങ്ക് തകര്‍ക്കുന്ന കാഴ്ചയാണ് 2018 ഫെബ്രുവരിയില്‍ തമിഴകത്ത് നിന്നും പുറത്ത് വന്നത്.

അകാലത്തില്‍ പൊലിഞ്ഞു പോയ തന്റെ കാമുകിയുടെ കഴുത്തില്‍ ഒരു യുവാവ് താലികെട്ടുന്ന രംഗമായിരുന്നു അത്.ഇവരുടെ പ്രണയത്തിന് എതിരുനിന്ന പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പോലും കരളലിയിച്ച ഒരു കാഴ് .

ബന്ധുക്കളും സുഹൃത്തുക്കളും അലമുറയിട്ട് കരയുമ്പോഴും നിര്‍വികാരനായി നിന്ന് യുവാവ് മൃതദേഹത്തില്‍ താലികെട്ടുകയായിരുന്നു. പിന്തിരിപ്പിക്കാന്‍ ശ്രമിച്ചവരോട് മാറി നില്‍ക്കാന്‍ പറഞ്ഞാണ് മൃതദേഹത്തെ കെട്ടിപിടിച്ച് ആ കഴുത്തില്‍ താലി ചാര്‍ത്തിയത്.കയ്യിലുള്ള സിന്ദൂരം പെണ്‍കുട്ടിയുടെ നെറ്റിയില്‍ തൊട്ടതോടെ കണ്ടു നിന്നവരെല്ലാം പൊട്ടി കരയുകയായിരുന്നു.

തമിഴകത്ത് മാത്രമല്ല കേരളത്തിലും വൈറലായിരുന്നു ഈ ദൃശ്യങ്ങള്‍. കാമുകിയെ സുമംഗലിയാക്കി യാത്രാമൊഴി നല്‍കുന്ന ആ ചെറുപ്പക്കാരനെ ഈ പ്രണയ ദിനത്തിലെങ്കിലും കപട പ്രണയ മനസ്സുകള്‍ കണ്ടു പഠിക്കണം.

പ്രണയിക്കുമ്പോള്‍ നല്‍കിയ വാക്ക് വെറും വാക്കല്ലന്ന് തെളിയിച്ച ആ ചെറുപ്പക്കാരന്റെ പ്രവര്‍ത്തി ‘തേപ്പും വാര്‍പ്പുമായി’ മുന്നോട്ട് പോകുന്ന പ്രണയങ്ങള്‍ക്കുള്ള ഒരു മാസ് മറുപടി കൂടിയാണ്.

Top