തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറയില്‍ കടലാക്രമണത്തില്‍ തകര്‍ന്ന വീടുകള്‍ സന്ദര്‍ശിക്കാനെത്തിയ ജലവിഭവമന്ത്രി കെ. കൃഷ്ണന്‍കുട്ടിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളികളുമായാണ് മന്ത്രിയെ തടഞ്ഞത്.
കടലാക്രമണം രൂക്ഷമായിട്ടും നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്ന് ആരോപിച്ചാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്. സ്ഥലം എംഎല്‍എ വി എസ് ശിവകുമാര്‍ അടക്കമുള്ളവര്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. പ്രശ്നം രൂക്ഷമായിട്ടും മന്ത്രിയുടെ സന്ദര്‍ശനം വൈകിയെന്നും ജനങ്ങള്‍ ആരോപിച്ചു.
പ്രതിഷേധത്തെ തുടര്‍ന്നു വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞെങ്കിലും ജനങ്ങള്‍ പ്രതിഷേധം തുടര്‍ന്നു. കടല്‍ഭിത്തി ഉടന്‍ നിര്‍മ്മിക്കണമെന്നും ജനങ്ങള്‍ മന്ത്രിയോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കടല്‍ ക്ഷോഭത്തില്‍ നിരവധി വീടുകളാണ് തകര്‍ന്നത്. വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെ പൂര്‍ണമായും നശിച്ചിരുന്നു. കടല്‍ക്ഷോഭം ഈ നിലയില്‍ തുടര്‍ന്നാല്‍ കൂടുതല്‍ വീടുകള്‍ തകരുമെന്ന ഭീതിയിലാണു ജനങ്ങള്‍.