കൊച്ചി: ഗോശ്രീ റോഡില്‍ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിന് മുന്നില്‍ പണിത മേല്‍പ്പാലത്തിന്റെ അപ്രോച്ച് സ്പാനില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ബലക്ഷയം പരിഹരിക്കുന്നത് വരെ പാലം തുറക്കേണ്ടെന്നാണ് തീരുമാനം. പരിശോധന സംബന്ധിച്ച് ദേശീയ പാത അതോറിറ്റി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പാലം തുറക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുക എന്ന് കളക്ടര്‍ എസ് സുഹാസ് വ്യക്തമാക്കി.
വൈപ്പിന്‍ ഭാഗത്തേക്ക് പോകുമ്പോള്‍ പാലത്തിന്റെ ഇടത് ഭാഗത്തായാണ് വിള്ളലുണ്ടായിരിക്കുന്നത്. ഈ വഴി സര്‍വീസ് നടത്തുന്ന ബസുകാരാണ് പാലത്തില്‍ വിള്ളലുള്ള വിവരം പൊലീസില്‍ അറിയിച്ചത്. വിവരത്തേ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം മേല്‍പ്പാലത്തിലൂടെയുളള ഗതാഗതം നിരോധിച്ചിരുന്നു.
ചൊവ്വാഴ്ച്ച വൈകിട്ടാണ് കിഴക്കേ അപ്രോച്ചില്‍ പാലത്തിന്റെ അവസാന സ്പാന്‍ വന്നുനില്‍ക്കുന്ന ഭാഗത്ത് വിള്ളല്‍ കണ്ടത്. ഏകദേശം രണ്ടുമീറ്റര്‍ മാത്രമുള്ള സ്പാനിലാണ് വിള്ളല്‍ കണ്ടിട്ടുള്ളത്. കുറച്ചുദിവസങ്ങളായി ഈ ഭാഗത്തുകൂടി വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഉലച്ചില്‍ അനുഭവപ്പെട്ടിരുന്നു.
മൂന്നുവര്‍ഷം മുന്‍പ് മുപ്പതു കോടി രൂപ ചെലവഴിച്ച് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് നിര്‍മ്മിച്ച മേല്‍പ്പാലം ഒരു വര്‍ഷം മുന്‍പ് മാത്രമാണ് തുറന്നുകൊടുത്തത്. ദേശീയപാതാ അതോറിറ്റിക്ക് മേല്‍പ്പാലവും ഗോശ്രീ റോഡും കൈമാറുകയായിരുന്നു കാത്തിരിപ്പിന്റെ ലക്ഷ്യം. ജനകീയപ്രക്ഷോഭം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പാലം തുറന്നുകൊടുത്തത്. പാലം ദേശീയപാതാ അതോറിറ്റിക്ക് കൈമാറിയതായാണ് സൂചന.