മേട്ടുപ്പാളയം : കസ്റ്റഡിയിലെടുത്ത ഏഴു പ്രതികളുമായി ഊട്ടിയില്‍ നിന്നും ചെന്നൈയിലേയ്ക്ക് പോകുകയായിരുന്ന പൊലീസ് വാഹനം കൊക്കയിലേയ്ക്കു മറിഞ്ഞു. അപകടത്തില്‍ പൊലീസുകാരുള്‍പ്പെടെ 14 പേര്‍ക്കു പരുക്കേറ്റു. ഇന്നലെ പന്ത്രണ്ടരയോടെ കല്ലാര്‍ ചുരത്തിലെ രണ്ടാം വളവില്‍നിന്നാണു വാന്‍ മറിഞ്ഞത്.
നിയന്ത്രണം വിട്ട പൊലീസ് വാന്‍ 150 അടി താഴ്ചയിലേക്കു മറിഞ്ഞെങ്കിലും മരത്തില്‍ തങ്ങി നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വാഹനം പിന്നീട് അധികൃതര്‍ എത്തി താഴെയെത്തിച്ചു. ഇതിനിടെ വാനിലുണ്ടായിരുന്ന പ്രതികളെയും പൊലീസുകാരെയും വഴിയാത്രക്കാര്‍ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചിരുന്നു.
പ്രമാദമായ ഒരു കേസിലെ കുറ്റവാളികളെന്നു കരുതുന്ന ഏഴു പേര്‍ സംശയകരമായ സാഹചര്യത്തില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ചെന്നൈയില്‍നിന്ന് ഇന്‍സ്‌പെക്ടര്‍ പി.എം. ജവഹറിന്റെ നേതൃത്വത്തില്‍ ഏഴംഗ പൊലീസ് സംഘം ഊട്ടിയിലെത്തിയത്. പുലര്‍ച്ചയോടെ ഇവരെ അറസ്റ്റുചെയ്തിരുന്നു. അറസ്റ്റിലായവര്‍ക്കു തീവ്രവാദ ബന്ധമുള്ളതായി സൂചനയുണ്ട്. സംഭവത്തില്‍ ദുരൂഹതയുള്ളതായും സംശയിക്കുന്നുണ്ട്.
പരുക്കേറ്റവര്‍ക്കു മേട്ടുപ്പാളയം ഗവ.ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം കൂടുതല്‍ പൊലീസുകാരെത്തി പ്രതികളെ ചെന്നൈയിലേക്കു കൊണ്ടുപോയി. സംഭവത്തെക്കുറിച്ചു കൂടുതല്‍ പ്രതികരിക്കാന്‍ അധികൃതര്‍ തയാറായില്ല.