ടൊറന്റോ: കാനഡയിലെ ടൊറന്റോയിലെ തിരക്കേറിയ പ്രദേശത്ത് ആള്‍ക്കൂട്ടത്തിനിടയിലേക്ക് അജ്ഞാതന്‍ വാന്‍ ഓടിച്ചു കയറ്റിയുണ്ടായ ദുരന്തത്തില്‍ പത്തു പേര്‍ മരിച്ചു. പതിനാറ് പേര്‍ക്ക് പരുക്കേറ്റു. വാന്‍ ഓടിച്ചിരുന്നയാളെ പൊലീസ് കീഴപ്പെടുത്തി.
‘എന്നെ വെടിവയ്ക്കൂ, എന്നെ വെടിവയ്ക്കൂ’ എന്ന് ആക്രോശിച്ച് ആയുധമോ മറ്റോ ഉപയോഗിച്ച് ഇയാള്‍ പൊലീസിന് നേരെ അടുത്തെങ്കിലും ഓഫിസര്‍മാരിലൊരാള്‍ തോക്കുമായി മുന്നോട്ടാഞ്ഞതോടെ ഇയാള്‍ കീഴടങ്ങുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്.
ആളുകള്‍ ഉണ്ടായിരുന്ന സ്ഥലത്തേക്ക് വേഗത്തിലാണ് വാന്‍ ഓടിച്ചുകയറ്റിയതെന്നു പറയപ്പെടുന്നു. വാനിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നനിലയിലാണ്. ആളുകളുടെ ഷൂസുകളും ബാഗുകളും മറ്റും സംഭവസ്ഥലത്ത് ചിതറിക്കിടക്കുന്നതായി കാണാം.
ദുരന്തത്തില്‍ മരിച്ചവരുടെയോ പരുക്കേറ്റവരുടെയോ പൊലീസ് പിടികൂടിയ ഡ്രൈവറുടെയോ വിവരങ്ങള്‍ പ്രാദേശികസമയം വൈകിട്ട് അഞ്ചു വരെ (ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ടര) പുറത്തുവന്നിട്ടില്ല.
ഒരു സ്‌ട്രോളറും സംഭവസ്ഥലത്തിനു സമീപം മറിഞ്ഞുകിടക്കുന്നതായി കണ്ടെത്തി. കുട്ടികള്‍ ആരെങ്കിലും അപകടത്തില്‍പ്പെട്ടോയെന്നു പക്ഷേ വ്യക്തമല്ല. മൃതദേഹം കൊണ്ടുപോകുന്നതിനായുള്ള ബാഗുകളും ആംബുലന്‍സുകളില്‍ കണ്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു.
മനപ്പൂര്‍വം വരുത്തിയ അപകടമാണിതെന്നാണ് റിപ്പോര്‍ട്ട്. വാന്‍ഡ്രൈവര്‍ ഒറ്റയ്ക്കാണോ അതോ പിന്നില്‍ മറ്റാരെങ്കിലുമുണ്ടോ എന്നു പറയാറായിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഭീകരാക്രമണത്തിനുള്ള സാധ്യത തള്ളുന്നില്ലെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.