Vanchiyoor issue; advocates dismiss high court Wednesday

കൊച്ചി: വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകര്‍ക്കെതിരെ പൊലീസ് കേസെടുത്തതില്‍ പ്രതിഷേധിച്ച് നാളെ (ബുധന്‍) ഹൈക്കോടതി അഭിഭാഷകര്‍ കോടതി ബഹിഷ്‌കരിക്കും.

ഇ പി ജയരാജനെതിരായ ഹര്‍ജി പരിഗണിക്കവെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നിന്നും മാധ്യമപ്രവര്‍ത്തകരെ പുറത്താക്കുകയും ആക്രമിക്കുകയും ചെയ്‌തെന്ന പരാതിയില്‍ തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ ഭാരവാഹിയടക്കമുള്ള അഭിഭാഷകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇത് കള്ളക്കേസാണെന്നാണ് ഹൈക്കോടതിയിലെ അഭിഭാഷകരുടെ ആരോപണം.

ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്റെ ജനറല്‍ ബോഡി യോഗത്തിലാണ് കോടതി ബഹിഷ്‌ക്കരിക്കാനുള്ള തീരുമാനമെടുത്തത്.

ഇതോടെ ഒരിടവേളക്ക് ശേഷം കൊച്ചിയിലും അഭിഭാഷകര്‍ വീണ്ടും മാധ്യമപ്രവര്‍ത്തകരോടുള്ള നിലപാട് കര്‍ക്കശമാക്കുകയാണ്.

നേരത്തെ സംസ്ഥാനത്ത് അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തിന് വഴിമരുന്നിട്ടിരുന്നതും ഹൈക്കോടതി പരിസരം തന്നെയായിരുന്നു. ഇവിടെ തുടങ്ങിയ സംഘര്‍ഷമാണ് പിന്നീട് തിരുവനന്തപുരത്തേക്കും മറ്റിടങ്ങളിലേക്കും വ്യാപിച്ചിരുന്നത്.

സുപ്രീംകോടതി ജസ്റ്റിസ് കുര്യന്‍ ജോസഫും ഹൈക്കോടതി ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയുമെല്ലാം സമവായത്തിന് മുന്‍കൈ എടുത്തിട്ടും ഒരിക്കലും അവസാനിക്കാത്ത പ്രശ്‌നമായി ഇപ്പോഴും അഭിഭാഷക-മാധ്യമ തര്‍ക്കം തുടരുകയാണ്. ഹൈക്കോടതിയില്‍ മീഡിയാ റൂം തുറക്കില്ലെന്നും ഒരു കാരണവശാലും പ്രശ്‌നക്കാരായ രണ്ട് മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ പ്രവേശിപ്പിക്കില്ലെന്നുമുള്ള നിലപാടിലാണ് ഒരുവിഭാഗം അഭിഭാഷകര്‍.

Top