തിരുവനന്തപുരം: വഞ്ചിയൂര്‍ സബ് ട്രഷറി തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജുലാലിന്റെ ജാമ്യാപേക്ഷ തള്ളി. പ്രതിക്ക് ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം അംഗീകരിച്ചാണ് തിരുവനന്തപുരം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി.
പതിനാറ് ഇടപാടുകളിലായി അഞ്ച് കോടി രൂപ ബിജുലാല്‍ തട്ടിയെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. കസ്റ്റഡിയില്‍ എടുത്ത തെളിവെടുപ്പിലാണ് തട്ടിപ്പിന്റെ വ്യാപ്തി തെളിഞ്ഞതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു.
സംശയത്തിന്റെയും തെറ്റിദ്ധരണയുടെയും പേരിലാണ് താന്‍ ഇപ്പോള്‍ ക്രൂശിക്കപ്പെടുന്നതെന്നും കേസില്‍ നിരപരാധിയാണെന്നുമാണ് ബിജുലാല്‍ ജാമ്യഹര്‍ജിയില്‍ വിശദമാക്കിയത്. വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ നിന്നും രണ്ടു കോടി 73 ലക്ഷം രൂപ ബിജുലാല്‍ തട്ടിയെടുത്തുവെന്നാണ് കേസ്. കേസിലെ രണ്ടാം പ്രതിയായ ബിജുലാലിന്റെ ഭാര്യയ്ക്ക് തട്ടിപ്പിലുള്ള പങ്ക് സംബന്ധിച്ചും കൂടുതല്‍ അന്വേഷണം നടത്തും.