ചെന്നൈ- മൈസൂരു വെറും ആറര മണിക്കൂര്‍; വന്ദേഭാരത് പ്രധാനമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും

ബംഗളൂരു: ദക്ഷിണേന്ത്യക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചെന്നൈ-ബംഗളൂരു-മൈസൂരു വന്ദേഭാരത് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിക്കും. ഇന്ത്യയിലെ അഞ്ചാമത്തെയും ദക്ഷിണേന്ത്യയിലെ ആദ്യത്തെയും വന്ദേഭാരത് എക്സ്പ്രസാണ് ഇത്. ചെന്നൈയിൽ നിന്ന് മൈസൂരിൽ എത്താൻ ആറരമണിക്കൂർ മതിയാകും.

ഇന്ത്യയിൽ നിലവിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ഏറ്റവും പരിഷ്‌കരിച്ച പതിപ്പാണിത്. എക്സിക്യൂട്ടിവ്, ഇക്കണോമി കാർ എന്നീ രണ്ടു വിഭാഗങ്ങളാണ് ഇതിൽ ഉണ്ടാവുക. ഇവയിൽ എയർകണ്ടീഷൻ ചെയ്ത കോച്ചുകളും റിക്ലൈനർ സീറ്റുകളുമുണ്ടാകും. ഡൽഹി, മുംബൈ, അഹമ്മദാബാദ്, കാൺപൂർ, വരണാസി എന്നിവിടങ്ങളിൽ ഇവ മുൻപേ അവതരിപ്പിച്ചിരുന്നു.

കർണാടകയിലെ ബംഗളൂരുവിനെയും മൈസൂരുവിനെയും തമിഴ്‌നാട് തലസ്ഥാനമായ ചെന്നൈയുമായി ബന്ധിപ്പിക്കുന്ന ട്രെയിൻ ഒട്ടേറെ സഞ്ചാരികൾക്ക് ആശ്വാസം പകരും. ആറര മണിക്കൂറിൽ അഞ്ഞൂറ് കിലോമീറ്റർ താണ്ടും. ഏകദേശം 504 കിലോമീറ്ററാണ് ചെന്നൈയ്ക്കും മൈസൂരിനും ഇടയിലുള്ള ദൂരം. ഇത് താണ്ടാൻ ഏകദേശം ആറര മണിക്കൂർ സമയമായിരിക്കും. ചെന്നൈ സെൻട്രലിൽ നിന്ന് പുലർച്ചെ 5.50ന് പുറപ്പെടുന്ന ട്രെയിൻ ബംഗളൂരുവിലെ ക്രാന്തിവീര സങ്കൊല്ലി രായണ്ണ (കെആർഎസ്) സ്റ്റേഷനിൽ നിർത്തിയ ശേഷം, ഉച്ചയ്ക്ക് 12.30ന് മൈസൂരുവിലെത്തും. തിരിച്ച്, മൈസൂരിൽ നിന്ന് ഉച്ചയ്ക്ക് 1.05-ന് പുറപ്പെട്ട് 2.25-ന് ബംഗളൂരുവിലെത്തി രാത്രി 7.35-ന് ചെന്നൈയിലെത്തും.

 

Top