വന്ദേഭാരത് സ്ലീപ്പര്‍ പതിപ്പ് ഉടന്‍; കോച്ചുകളുടെ ചിത്രങ്ങള്‍ പങ്കുവച്ച് കേന്ദ്ര റെയില്‍ വേ മന്ത്രി അശ്വിനി വൈഷ്ണവ്

ഡല്‍ഹി: വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിലെ സ്ലീപ്പര്‍ കോച്ചുകളുടെ ചിത്രങ്ങള്‍ പങ്കുവച്ച് കേന്ദ്ര റെയില്‍ വേ മന്ത്രി അശ്വിനി വൈഷ്ണവ്. വന്ദേഭാരത് സ്ലീപ്പര്‍ കോച്ചുകളുടെ ഫസ്റ്റ് ലുക്ക്. 823 യാത്രക്കാര്‍ക്ക് വേണ്ടി 857 ബെര്‍ത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 34 ജീവനക്കാരും ഉണ്ടായിരിക്കും. ഓരോ കോച്ചിനും ഒരു മിനി പാന്‍ട്രി സൗകര്യവും ഉണ്ട്.

കണ്‍സെപ്റ്റ് ട്രെയിന്‍ – വന്ദേ ഭാരത് (സ്ലീപ്പര്‍ പതിപ്പ്) ഉടന്‍ വരുന്നു. വിശാലവും സൗകര്യപ്രദവുമായ ബര്‍ത്തുകള്‍, തെളിച്ചമുള്ള ഇന്റീരിയര്‍, അത്യാധുനിക രൂപകല്‍പ്പനയും സാങ്കേതികവിദ്യയും ഒത്തിണങ്ങിയ വന്ദേഭാരത് സ്ലീപ്പറിന്റെ ചിത്രങ്ങള്‍ ആരെയും ആകര്‍ഷിക്കുന്നതാണ്- ചിത്രങ്ങള്‍ക്കൊപ്പം അദ്ദേഹം കുറിച്ചു.

സ്ലീപ്പര്‍ പതിപ്പ് മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് . പുതിയ ട്രെയിനുകളില്‍ ഓണ്‍ ബോര്‍ഡ് ഇന്‍ഫോടെയ്ന്‍മെന്റ്, പബ്ലിക് അനൗണ്‍സ്മെന്റ് സംവിധാനം, യാത്രക്കാര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ ലോക്കോ പൈലറ്റുമായി സംസാരിക്കാനുള്ള സംസാരിക്കാനുള്ള സൗകര്യം എന്നിവ ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

വന്ദേ ഭാരത് എക്സ്പ്രസ് സ്ലീപ്പര്‍ പതിപ്പിന്റെ രൂപകല്പനയും ഇന്റീരിയറും ഏകദേശം പൂര്‍ത്തിയായതായി റെയില്‍ വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 16 കോച്ചുകളുള്ള ട്രെയിനിന് ചില അന്തിമ മിനുക്കുപണികള്‍ നടക്കുന്നു. പുതിയ ട്രെയിനുകളുടെ ജോലികള്‍ പൂര്‍ത്തിയാക്കാനുള്ള സമയപരിധി 2024 മാര്‍ച്ച് ആണ്. അടിസ്ഥാന രൂപകല്പനകള്‍ പൂര്‍ത്തിയായി, പുതുവര്‍ഷത്തില്‍ പുതുവര്‍ഷത്തില്‍ ട്രെയിന്‍ ഓടിത്തുടങ്ങുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു- ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Top