വണ്ടിപ്പെരിയാര്‍ പോക്‌സോ കേസ്; പുനരന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും

ണ്ടിപ്പെരിയാര്‍ പോക്‌സോ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി മേല്‍നോട്ടത്തില്‍ ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നാണ് ഹര്‍ജിയില്‍ ഉന്നയിക്കുന്ന ആവശ്യം. കുറ്റവാളിയെ സംരക്ഷിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമുണ്ടായെന്ന് ഹര്‍ജിയില്‍ പറയുന്നു. 2021 ജൂണ്‍ 30 ആം തീയതി വൈകിട്ട് മൂന്നര മണിക്ക് ആണ് അഞ്ചു വയസ്സുള്ള പെണ്‍കുട്ടി തൂങ്ങിമരിച്ചതായി കാണപ്പെട്ടത്. വണ്ടിപ്പെരിയാര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത ക്രൈം കട്ടപ്പന പോക്‌സോ കോടതിയില്‍ വിചാരണ പൂര്‍ത്തിയാക്കുകയും പ്രതിയെ വെറുതെ വിടുകയും ചെയ്തിരുന്നു. കുറ്റവാളിയെ രക്ഷിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് അന്വേഷണ ഏജന്‍സിയുടെ ഭാഗത്തുനിന്നും ഉണ്ടായത് എന്നും തെളിവുകളുടെ അപര്യാപ്തത മൂലമാണ് പ്രതിയെ കീഴ്‌കോടതി കുറ്റവിമുക്തനാക്കിയത് എന്നും കുട്ടിയുടെ മാതാവ് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ഉന്നയിക്കുന്നു.

കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്എച്ച്ഒ ടി.ഡി സുനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അദ്ദേഹത്തിനെതിരെ വകുപ്പ് തല അന്വേഷണത്തിനും നിര്‍ദ്ദേശം നല്‍കി. അന്വേഷണ ചുമതല എറണാകുളം റൂറല്‍ ASPക്കാണ്. കട്ടപ്പന പോക്‌സോ കോടതി പുറപ്പെടുവിച്ച വിധിന്യായത്തില്‍ ടി.ഡി സുനില്‍കുമാറിനെതിരെ പ്രതികൂല പരാമര്‍ശം ഉണ്ടായ പശ്ചാത്തലത്തില്‍ കൂടിയാണ് ഇപ്പോഴത്തെ സസ്‌പെന്‍ഷന്‍. അന്വേഷണ ചുമതലയുള്ള എറണാകുളം റൂറല്‍ ASP 2 മാസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വണ്ടിപ്പെരിയാര്‍ കേസില്‍ സംഭവിച്ചത് നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. കോടതിയുടെ പരാമര്‍ശങ്ങള്‍ ഗൗരവമായി കാണുന്നു. പ്രതിയുടെ രാഷ്ട്രീയ നിലപാട് സര്‍ക്കാരിനെ സ്വാധീനിക്കില്ല. വിഷയത്തില്‍ വകുപ്പുതല പരിശോധന തുടരുകയാണെന്നും വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് എസ്എച്ച്ഒ ടി.ഡി സുനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്.

സണ്ണി ജോസഫ് എംഎല്‍എയാണ് സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. പ്രതിയെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും കോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Top