വനിതാ മതില്‍ രൂപീകരിക്കാന്‍ സര്‍ക്കാരിന് സ്വാതന്ത്രമുണ്ടെന്ന് ആലഞ്ചേരി

തിരുവനന്തപുരം: വനിതാ മതില്‍ വിഷയത്തില്‍ പിന്തുണയുമായി ആലഞ്ചേരി. വനിതാ മതില്‍ രൂപീകരിക്കാന്‍ സര്‍ക്കാരിന് സ്വാതന്ത്രമുണ്ടെന്ന് പങ്കെടുക്കുന്ന കാര്യത്തില്‍ ക്ഷണം ലഭിച്ച ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വനിതാ മതിലില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഖജനാവിലെ പണം ഉപയോഗിക്കില്ലെന്നും സത്രീകള്‍ കൂടുതലായി പങ്കെടുക്കുമെന്ന കാര്യത്തില്‍ ചിലര്‍ക്ക് പരിഭ്രമം ഉണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍, വനിതാ മതില്‍ വിഷയത്തില്‍ സത്യവാങ്മൂലം തെറ്റിദ്ധാരണ പരത്തിയെന്ന വാദം പൊളിഞ്ഞിരുന്നു. കോടതിയ്ക്ക് ബോധ്യമായത് വനിതാ മതിലിന് ഖജനാവില്‍ നിന്ന് തന്നെ ഫണ്ട് ചിലവഴിക്കുമെന്നാണെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇത് സംബന്ധിച്ച കോടതി ഉത്തരവിന്റെ പകര്‍പ്പ് പുറത്തായിട്ടുണ്ട്. നയപരമായ തീരുമാനത്തില്‍ ഇടപെടുന്നില്ലെന്നും കോടതി അറിയിച്ചിട്ടുണ്ട്.

വനിതാ മതിലില്‍ മത ന്യൂനപക്ഷങ്ങളെയും കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനമായിട്ടുണ്ട്. ന്യൂനപക്ഷങ്ങളുടെയും മതമേലധ്യക്ഷന്മാരുടേയും പിന്തുണ തേടാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്.

വനിതാ മതില്‍ വര്‍ഗീയ മതിലാണെന്നും, ഒരു മത വിഭാഗത്തെ മാത്രം ഉള്‍പ്പെടുത്തി പരിപാടി സംഘടിപ്പിക്കുന്നതു നാടിനെ വിഭജിക്കാനെന്നും പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചിരുന്നു.

ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതില്‍ വര്‍ഗീയ മതിലാണെന്നും മതേതര വാദികളായ ആരും മതിലില്‍ പങ്കെടുക്കില്ല എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

Top