തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുഖംമൂടി അഴിഞ്ഞുവീണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീവ്രവര്‍ഗീയത ഉപയോഗിച്ചേ ആര്‍എസ്എസിനെ തടയാനാവൂ എന്ന മുഖ്യമന്ത്രിയുടെ വാദം പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. വനിതാ മതില്‍ സാമൂഹിക ധ്രുവീകരണത്തിന് വഴിതെളിക്കുമെന്നും വര്‍ഗസമരത്തെ മുഖ്യമന്ത്രി പരസ്യമായി തള്ളിപ്പറയുന്നുവെന്നും ചെന്നിത്തല വ്യക്തമാക്കി.
വനിതാ മതിലിനെ വിമര്‍ശിച്ച് വിഎസ് അച്യുതാനന്ദനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. വനിതാ മതില്‍ തീരുമാനിച്ചത് ഇടതുമുന്നണിയാണെന്നും വി.എസ് ഇപ്പോഴും സിപിഐഎംകാരനെന്നാണ് വിശ്വാസമെന്നും കാനം പറഞ്ഞു. വിഎസ് എടുത്ത നിലപാട് ശരിയാണോയെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നും കാനം പറഞ്ഞു.
എന്‍എസ്എസിനെയും കാനം രാജേന്ദ്രന്‍ വിമര്‍ശിച്ചു. നവോത്ഥാനം വേണോ വിമാചന സമരം വേണോയെന്ന് എന്‍എസ്എസ് തീരുമാനിക്കണമെന്നും കാനം കൂട്ടിച്ചേര്‍ത്തു.
ഹിന്ദുത്വവാദികളുടെ ആചാരങ്ങള്‍ പകര്‍ത്തലല്ല വര്‍ഗസമരമെന്നായിരുന്നു അച്യുതാനന്ദന്‍ വനിതാ മതിലിനെ എതിര്‍ത്ത് പറഞ്ഞിരുന്നത്. ജാതി സംഘടനകള്‍ക്കൊപ്പമുള്ള വര്‍ഗസമരം കമ്മ്യൂണിസ്റ്റ് വിപ്ലവമല്ലെന്നും വിഎസ് വ്യക്തമാക്കിയിരുന്നു.
അതേസമയം വനിതാ മതിലിന്റെ പേരില്‍ നിര്‍ബന്ധിത പിരിവ് നടത്തിയിട്ടില്ലെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. കുടുംബശ്രീക്കാര്‍ അടക്കം പണം പിരിച്ചാണ് വരുന്നതെന്നും മതിലില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ ചെലവിനായി പണം പിരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ ജില്ലയില്‍ ഒരു പരാതിയും ഉയര്‍ന്നിട്ടില്ല. ചില സ്ഥലത്ത് ടെലിവിഷനില്‍ വരാന്‍ വേണ്ടി ഏതാനും സ്ത്രീകള്‍ സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
വനിതാ മതിലുമായി ബന്ധപ്പെട്ട് വിവാദം വേണ്ടെന്നും വനിതാ മതിലിനെ രാഷ്ട്രീയമായി കൂട്ടികുഴക്കേണ്ടതില്ലെന്നും സുധാകരന്‍ പറഞ്ഞു. വനിതാ മതിലിന് ശബരിമലയുമായി നേരിട്ട് ബന്ധമില്ലെന്നും എന്‍എസ്എസ് നിലപാട് തിരുത്തണമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.