കൊച്ചി: വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി. സംസ്ഥാനത്തിന്റെ നേട്ടം ഉയര്‍ത്തിക്കാട്ടാനല്ല സര്‍ക്കാര്‍ പരിപാടി സംഘടിപ്പിക്കുന്നതെന്നും എല്ലാ വകുപ്പുകളുടെയും പങ്കാളിത്തം അഭ്യര്‍ത്ഥിക്കുകയാണ് ചെയ്യുന്നതെന്നും വനിതാ മതിലില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ആരെയും നിര്‍ബന്ധിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു.
അതേസമയം, വനിതാ മതിലില്‍ നിര്‍ബന്ധിത പങ്കാളിത്തം ഉണ്ടായോന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. ഇക്കാര്യം സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. പങ്കെടുക്കാതിരുന്നാല്‍ നടപടി എടുക്കുമോയെന്ന് സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും ഹൈക്കോടതി പറഞ്ഞു. കേസ് വ്യാഴാഴ്ച്ച വീണ്ടും പരിഗണിക്കും.
യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസാണ് വനിതാ മതിലിനെതിരെ കോടതിയെ സമീപിച്ചത്. വനിതാ മതിലിന് ആവശ്യമായ പണത്തിന്റെ സ്രോതസും കണക്കും സര്‍ക്കാര്‍ വ്യക്തമാക്കണം എന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. പ്രളയദുരിതാശ്വാസത്തില്‍ നിന്നാണ് പണം കണ്ടെത്തുന്നതെങ്കില്‍ അത് തടയണമെന്നും ഹര്‍ജിയില്‍ പറയുന്നു.
വനിതാ മതിലിനെ വിമര്‍ശിച്ച് ലീഗ് എംഎല്‍എ എം കെ മൂനീറും ഇന്നലെ രംഗത്തെത്തിയിരുന്നു.