കൊച്ചി: വിദേശ രാജ്യങ്ങളിലേക്കുള്ള പഴം- പച്ചക്കറി കയറ്റുമതിയുടെ കേന്ദ്രമാകണമെന്ന കേരളത്തിന്റെ സ്വപ്ന പദ്ധതി വാരണാസിയില്‍ യാഥാര്‍ത്ഥ്യമാകുന്നു. ഏറെക്കാലമായി കേരളം മുന്നോട്ടു വയ്ക്കുന്ന പദ്ധതിയാണ് ഇതോടെ കേന്ദ്ര സര്‍ക്കാര്‍ മറ്റൊരു സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. കയറ്റുമതി ഗുണനിലവാരമുള്ള പഴങ്ങളും പച്ചക്കറികളും ഇത്പാദിപ്പിക്കുന്നതിന് കര്‍ഷകര്‍ക്ക് പരിശീലനം നല്‍കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. യൂറോപ്യന്‍ രാജ്യങ്ങള്‍, ഗള്‍ഫ് രാജ്യങ്ങള്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ പാലിക്കുന്ന മാനദണ്ഡങ്ങളെക്കുറിച്ച് കര്‍ഷകരെ ബോധവത്കരിക്കുമെന്ന് വാണിജ്യ വകുപ്പ് അറിയിച്ചു.
വാരണാസിയില്‍ വളര്‍ത്തുന്ന പഴങ്ങളും പച്ചക്കറികളും ബനാറസ് ബ്രാന്‍ഡ് കാശി അല്ലെങ്കില്‍ ബ്രാന്‍ഡ് കാശി എന്ന് പേരിലായിരിക്കും വിദേശത്തേക്ക് കയറ്റുമതി ചെയ്യുക. ആഗോള കാര്‍ഷിക കയറ്റുമതിയില്‍ ഇന്ത്യയുടെ പങ്ക് ഇരട്ടിയാക്കാനാണ് പുതിയ നയം ലക്ഷ്യമിടുന്നത്. പഴങ്ങളുടെയും പച്ചക്കറി കയറ്റുമതിയുടെയും കേന്ദ്രമായി വാരണാസി മാറ്റാന്‍ സര്‍ക്കാര്‍ രണ്ട് ഘട്ടങ്ങളായിട്ടാണ് പദ്ധതി തയാറാക്കുന്നത്.
ആദ്യ ഘട്ടത്തില്‍ പരിശീലനം നല്‍കുകയും പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്യുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ജില്ലകളില്‍ വികസിപ്പിക്കുകയും ചെയ്യും. കയറ്റുമതി മാനദണ്ഡങ്ങള്‍ക്കനുസൃതമായി പഴങ്ങളും പച്ചക്കറികളും വളര്‍ത്താന്‍ കര്‍ഷകരെ പ്രേരിപ്പിക്കുകയും ചെയ്യും.
രണ്ടാം ഘട്ടത്തില്‍, വളരുന്ന പഴങ്ങളുടെയും പച്ചക്കറികളുടെയും കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലായിരിക്കും ശ്രദ്ധ. വിമാനത്താവളത്തിന് സമീപം ഒരു അഗ്രോ പ്രോസസിങ് പാര്‍ക്ക് വികസിപ്പിക്കാനുള്ള പദ്ധതിയുമുണ്ട്. കോളിഫ്‌ലവര്‍, തക്കാളി, മുളക്, കടല, വഴുതന, കാബേജ്, ബീന്‍സ് തുടങ്ങിയ പച്ചക്കറികള്‍ ഈ മേഖലയില്‍ വലിയ തോതില്‍ വളര്‍ത്തി ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാണ് ആലോചന.