തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ കസ്റ്റഡി മരണമല്ല വരാപ്പുഴയിലെ ശ്രീജിത്തിന്റെതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി ഇതിനു മുമ്പ് ഉണ്ടായോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ആലുവ മുന്‍ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെ പ്രതിചേര്‍ക്കുന്നതിനെ കുറിച്ച് നിയമോപദേശം തേടിയത് സ്വാഭാവിക നടപടിയാണ്. കേസില്‍ ആരുടെയെങ്കിലും പങ്ക് തെളിഞ്ഞാല്‍ പ്രത്യേകാന്വേഷണ സംഘം തുടര്‍ നടപടി സ്വീകരിക്കുമെന്നും ശ്രീജിത്തിന്റെ കുടുംബം അന്വേഷണത്തില്‍ തൃപ്തി അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ വി.ഡി സതീശന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു പിണറായി.
വരാപ്പുഴ കസ്റ്റഡിമരണത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. വി.ഡി.സതീശനാണ് നോട്ടീസ് നല്‍കിയത്. വരാപ്പുഴ കേസ് സഭയില്‍ ഉന്നയിക്കാന്‍ സര്‍ക്കാര്‍ സമ്മതിക്കുന്നില്ലെന്നും അടിയന്തരപ്രമേയം പ്രതിപക്ഷത്തിന്റെ അവകാശമാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എ.വി.ജോര്‍ജിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണിത്. നിയമോപദേശം എഴുതിവാങ്ങി എ.വി.ജോര്‍ജിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. അടിയന്തരപ്രമേയം പരിഗണിക്കാത്ത സ്പീക്കറുടെ നടപടി ഇരട്ടത്താപ്പാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.