കസ്റ്റഡി മരണം; ശ്രീജിത്തിനെ മര്‍ദ്ദിച്ചത് വരാപ്പുഴ എസ്‌ഐ ദീപക്കാണെന്ന് വെളിപ്പെടുത്തല്‍

Sreejith's death

വരാപ്പുഴ: വരാപ്പുഴ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ചത് വരാപ്പുഴ എസ്.ഐ ദീപക്കാണെന്ന് വെളിപ്പെടുത്തല്‍. കേസിലെ മറ്റു പ്രതികളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.വരാപ്പുഴ സ്റ്റേഷനില്‍ വച്ച് ശ്രീജിത്തിനേയും തങ്ങളേയും ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നും ശ്രീജിത്തിന്റെ വയറ്റില്‍ ദീപക്ക് ചവിട്ടിയിരുന്നുവെന്നും ഇവര്‍ പറഞ്ഞു.

ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് ചെറുകുടല്‍ പൊട്ടിയാണ് ശ്രീജിത്ത് മരിച്ചതെന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ഈ സാഹചര്യത്തില്‍ ദീപക്ക് വയറ്റില്‍ ചവിട്ടിയതാണോ മരണകാരണമെന്ന് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും.

അതേസമയം, ശ്രീജിത്തിനെ ഉരുട്ടിക്കൊന്നതാണെന്ന സംശയവും ബലപ്പെടുകയാണ്. ശ്രീജിത്തിന്റെ ശരീരത്തില്‍ മൂന്നാം മുറ പ്രയോഗിക്കാന്‍ ആയുധം ഉപയോഗിച്ചിരിക്കാമെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പരാമര്‍ശമാണ് ഈ സംശയം ബലപ്പെടുത്തിയത്. ശ്രീജിത്തിന്റെ ഇരുതുടകളിലെയും പേശികള്‍ ഒരുപോലെ ഉടഞ്ഞിരുന്നു. ലാത്തിപോലുള്ള എന്തോ ആയുധം കൊണ്ടുള്ള പ്രയോഗത്തിലാണ് ഇത്തരത്തില്‍ പരിക്ക് പറ്റിയതെന്നാണ് സംശയമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇക്കാര്യം സ്ഥിരീകരിക്കാന്‍ അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുന്നത് സംബന്ധിച്ച് അന്വേഷണ സംഘം വിദഗ്ദ്ധ ഉപദേശം തേടിയിട്ടുണ്ട്. മര്‍ദ്ദനമേറ്റത് എങ്ങനെയാണെന്ന് കണ്ടെത്താനാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുന്നത്.

Top