വരാപ്പുഴ കസ്റ്റഡി മരണം; എസ്‌ഐ ദീപക്കിന് ഉപാധികളോടെ ജാമ്യം

deepak

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ എസ് ഐ ദീപക്കിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപ ബോണ്ട് , എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, എറണാകുളം വിചാരണ കോടതിയുടെ പരിധിയില്‍ പ്രവേശിക്കരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

ശ്രീജിത്തിന്റെ മരണത്തില്‍ തനിക്കു പങ്കില്ലെന്ന് വരാപ്പുഴയില്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടായപ്പോള്‍ പാതിരാത്രി സ്റ്റേഷന്‍ ഡ്യൂട്ടിയില്‍ വരിക മാത്രമാണ് ചെയ്തത്. ശ്രീജിത്തിനെ മര്‍ദിച്ചതിലും മരണത്തിലും തനിക്ക് പങ്കില്ലെന്നും സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ആയതിന്റെ പേരിലും തന്നെ കേസില്‍ ബലിയാടാക്കുകയാണെന്നും എസ് ഐ ദീപക് ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു.

സ്റ്റേഷനില്‍ വച്ചല്ല ശ്രീജിത്തിന് മര്‍ദ്ദനമേറ്റത്. യാത്രക്കിടയില്‍ ആണെന്നും അതിനാല്‍ അതില്‍ തനിക്കു പങ്കില്ലെന്നും ദീപക് പറഞ്ഞു. ശ്രീജിത്തിന്റെ അമ്മയോ ഭാര്യയോ തനിക്കെതിരെ പരാതി പറഞ്ഞിട്ടില്ല. ചില പ്രതികള്‍ ജാമ്യത്തില്‍ ഇറങ്ങിയപ്പോഴാണ് തന്റെ പേര് വന്നത്. പ്രതി കസ്റ്റഡിയില്‍ മരിച്ചാല്‍ നഷ്ടപരിഹാരം കിട്ടും. അതിനായി ചിലര്‍ ഒത്തു കളിച്ചെന്നും എസ് ഐ ദീപക് ഹൈക്കോടതിയില്‍ പറഞ്ഞു.

ഏപ്രില്‍ 24 മുതല്‍ ഹര്‍ജിക്കാരന്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു. ശ്രീജിത്ത് ഉള്‍പ്പെടെയുള്ള പ്രതികളെ ദീപക്ക് മര്‍ദിച്ചതായി കൂടെ കസ്റ്റഡിയിലുണ്ടായിരുന്നവരടക്കം എട്ട് പേര്‍ മൊഴി നല്‍കിയിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു.

Top