കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ആരോപണ വിധേയനായ പറവൂര്‍ സി ഐ ജി എസ് ക്രിസ്പിന്‍ സാമിന്റെ സ്ഥാനക്കയറ്റം തടഞ്ഞു. സിഐയില്‍നിന്നും ഡിവൈഎസ്പിയായുള്ള സ്ഥാനക്കയറ്റ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഉദ്യോഗസ്ഥനായിരുന്നു ക്രിസ്പിന്‍. കേസിന്റെ നടപടികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ ക്രിസ്പിനെ സ്ഥാനക്കയറ്റത്തിനായി പരിഗണിക്കാന്‍ കഴിയൂ.
ക്രിസ്പിന്‍ സാം അടക്കം വിവിധ കേസുകളിലായി അന്വേഷണവും സസ്‌പെന്‍ഷനും നേരിടുന്ന 10 പൊലീസ് ഇന്‍സ്‌പെക്ടര്‍മാരുടെ സ്ഥാനക്കയറ്റം പരിഗണിക്കേണ്ടതില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി തീരുമാനിച്ചത്. പുതിയ സ്ഥലംമാറ്റ, സ്ഥാനക്കയറ്റ ഉത്തരവിനൊപ്പമാണ് 10 ഇന്‍സ്‌പെക്ടര്‍മാരുടേയും പേരെടുത്തു പറഞ്ഞുള്ള ഉത്തരവ്. വിജിലന്‍സ് കേസ്, വിജിലന്‍സ് അന്വേഷണം, അച്ചടക്ക നടപടി, ശിക്ഷകള്‍, ക്രിമിനല്‍ കേസ്, സസ്‌പെന്‍ഷന്‍ തുടങ്ങിയവ നേരിടുന്ന ഉദ്യോഗസ്ഥരാണു പട്ടികയിലുള്ളത്. ആറാമതായാണു ക്രിസ്പിന്റെ പേര്.
വരാപ്പുഴ ദേവസ്വംപാടം ഷേണോയിപ്പറമ്പില്‍ ശ്രീജിത്ത് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ സിഐ: ക്രിസ്പിന്‍ ഉള്‍പ്പെടെ നാലു പൊലീസ് ഉദ്യോഗസ്ഥരെ കഴിഞ്ഞദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു.